എന്‍ഐഎ, ഇഡി റെയ്ഡിലൂടെ പ്രകടമാവുന്നത് ആര്‍എസ്എസ്സിന്റെ ഭീരുത്വം: എസ് ഡിപിഐ

Update: 2022-09-22 09:26 GMT

തിരുവനന്തപുരം: റെയ്ഡും അറസ്റ്റും ആശ്ചര്യപ്പെടുത്തുന്നില്ലെന്നും ആര്‍എസ്എസ്സിന്റെ ഭീരുത്വമാണ് എന്‍ഐഎ, ഇഡി റെയ്ഡിലൂടെ വ്യക്തമാവുന്നതെന്നും എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ജനാധിപത്യബോധമുള്ള സര്‍ക്കാരല്ല ഇന്ത്യ ഭരിക്കുന്നതെന്ന കാര്യത്തില്‍ പൗരബോധമുള്ളവര്‍ക്ക് തര്‍ക്കമില്ല. വംശഹത്യയിലും പരമതവിരോധത്തിലും സ്വാതന്ത്ര്യനിഷേധത്തിലും വിശ്വസിക്കുന്ന ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര വക്താക്കള്‍ അത് നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര ഏജന്‍സികളെയും ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനാധിപത്യപരമാണെന്ന് പറയാന്‍ ഒന്നുമില്ലാത്ത പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസ്സിന്റേത്. അവര്‍ വംശഹത്യയില്‍ വിശ്വസിക്കുന്നു എന്നത് ആരോപണമല്ല വസ്തുതയാണ്. എതിര്‍ശബ്ദങ്ങളെയും ജനാധിപത്യ വിമര്‍ശനങ്ങളെയും പൗരന്‍മാര്‍ സ്വാന്ത്ര്യം ഉപയോഗപ്പെടുത്തുന്നതിനെയും അവര്‍ ഭീതിയോടെ കാണുന്നത്. ഭരണകൂടം മാധ്യമങ്ങളോട് സംവദിക്കുന്നില്ല. ഫാഷിസ്റ്റ് വക്താക്കളായ ഭരണകൂടം തീവ്ര ഹിന്ദുത്വരാഷ്ട്രമെന്ന സങ്കല്‍പ്പത്തിലാണ് വിശ്വസിക്കുന്നത്. മുസ്‌ലിംകള്‍, കമ്മ്യൂണിസ്റ്റുകള്‍, ദലിത്, ആദിവാസികള്‍ അടിമകളായി കഴിയണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.

അടുത്ത കാലത്തായി ഇത്തരം ഏജന്‍സി നടത്തുന്ന ഇടപെടലുകള്‍ എത്ര ഭീകരമാണ്. പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, ബിജെപിയോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന ശിവസേനാ നേതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടലുകള്‍ക്ക് വിധേയമാവുന്നു. വിജോയിപ്പുകളെ അഭിമുഖീകരിക്കാന്‍ പ്രാപ്തിയില്ലാത്തതുകൊണ്ട് ഫാഷിസ്റ്റുകള്‍ അടിച്ചമര്‍ത്തല്‍ നടത്തുന്നു. ആര്‍എസ്എസ് അപകടകരമായ സംഘാടകനമാണെന്ന് പറയുന്നവരെയും എഴുതുന്നവരെയും അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി തകര്‍ക്കുന്ന ഏറ്റവും ഭീകരമായ അവസ്ഥയിലെത്തി നില്‍ക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

കോട്ടയത്ത് പ്രാദേശിക പോപുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെ 16 വയസ്സുള്ള മകന്‍ മുഹമ്മദ് അഫ്‌സല്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇതുകൊണ്ടൊക്കെ എന്ത് സന്ദേശമാണ് അവര്‍ ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ആര്‍എസ്എസ്സിന് വിടുപണി ചെയ്തും ചട്ടുകമായും പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം അവസാനിപ്പിട്ടില്ലെങ്കില്‍ രാജ്യം അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് പോവും. രാജ്യത്ത് പ്രതിപക്ഷ പ്രവര്‍ത്തനം അനുവദിക്കില്ല. ഇത് ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ മാത്രം പ്രശ്‌നമല്ല.

ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ബോധ്യമുള്ള ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെയും വ്യക്തികളെയും വേട്ടയാടുന്നത് അനുവദിച്ചുകൊടുത്താന്‍ രാഷ്ട്രം അതീവഗുരുതരാവസ്ഥയിലേക്ക് പോവും. അവരുടെ കാഴ്ചപ്പാടില്‍ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ല. രാജ്യത്ത് ക്രൈസ്തവര്‍, പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ സുരക്ഷിതരല്ല.

അനാവശ്യമായ വേട്ടയാടല്‍ ഉപേക്ഷിച്ച് രാജ്യത്തിന്റെ ജനാധിപത്യമൂല്യവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഫാഷിസം ഒരിക്കല്‍ പരാജയപ്പെടും. ജനാധിപത്യബോധമുള്ളവര്‍ ഭരണഘടനാ വിരുദ്ധമായ ഈ നടപടികള്‍ക്കെതിരേ പ്രതിഷേധിക്കണം. കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന വേട്ടയാടലിനെതിരേ എസ് ഡിപിഐ ജനാധിപത്യപരമായി സമരസംഘാടനം നടത്തും. പോരാട്ടവീഥിയില്‍ അടിയുറച്ചുണ്ടാവും. ഏത് പ്രതികൂലമായ സാഹചര്യത്തെയും പ്രതിരോധിക്കാനുള്ള ജനാധിപത്യപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി.

Tags:    

Similar News