ഇന്ന് പോപുലര്‍ ഫ്രണ്ടെങ്കില്‍ നാളെ ഇടതുപാര്‍ട്ടികളെ ആവും; പ്രതികരണം ഉത്തമബോധ്യത്തോടെ: എ എം ആരിഫ് എംപി

Update: 2022-09-22 07:40 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകള്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തില്‍ കൂടുതല്‍ വിശദീകരണവുമായി സിപിഎം എംപി എ എം ആരിഫ് രംഗത്ത്. ഇന്ന് പോപുലര്‍ ഫ്രണ്ടിനെയാണ് ലക്ഷ്യം വച്ചതെങ്കില്‍ നാളെ അത് ഇടതുപാര്‍ട്ടികളെ ആവും എന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ അഭിപ്രായം പറഞ്ഞതെന്ന് ആരിഫ് ഫേസ്ബുക്കില്‍ കുറിച്ചു. ആര്‍എസ്എസ്സുമായി ബന്ധമുള്ള പല സംഘടനകളും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെപ്പറ്റി അന്വേഷണം നടത്തുകയോ അവിടങ്ങളില്‍ റെയ്ഡ് നടത്തുകയോ ചെയ്യാതെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകളില്‍ മാത്രം ഏകപക്ഷീയമായി റെയ്ഡ് നടത്തുന്നത് സംശയാസ്പദമാണ്. അതില്‍ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ഒരിക്കലും അംഗീകരിക്കാനാവില്ല.

എന്‍ഐഎയും ഇഡിയും അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി കേന്ദ്രസര്‍ക്കാരിനെതിരേ പ്രതികരിക്കുന്ന വ്യക്തികളെയും സംഘടനകളെയും നിശ്ചലമാക്കുക എന്ന തന്ത്രമാണ് പിന്തുടരുന്നത്. ധാരാളം പൗരാവകാശ പ്രവര്‍ത്തകരേയും സാമൂഹിക പ്രവര്‍ത്തകരെയും സാഹിത്യകാരന്മാരേയും അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഒരു സര്‍ക്കാരാണ് കേന്ദ്രത്തിലേത്.

അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിന്റെ നീക്കം സദുദ്ദേശപരമാണെന്ന് പറയാനാവില്ലെന്നാണ് താന്‍ പറഞ്ഞതെന്ന് എ എം ആരിഫ് പറഞ്ഞു. എതിരാളികളെ എന്തുവിലകൊടുത്തും നിശബ്ദരാക്കുക എന്ന നയം പിന്തുടരുന്ന കേന്ദ്രസര്‍ക്കാര്‍ ഇന്ന് പോപുലര്‍ ഫ്രണ്ടിനെയാണ് ലക്ഷ്യം വച്ചതെങ്കില്‍ നാളെ അത് ഇടതുപാര്‍ട്ടികളെ ആവും എന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ അഭിപ്രായം പറഞ്ഞത്.

റെയ്ഡുമായി ബന്ധപ്പെട്ട് മീഡിയാ വണ്‍ ചാനല്‍ തന്റെ പ്രതികരണം ആരാഞ്ഞിരുന്നു. എന്നാല്‍, 'റെയ്ഡ് ഏകപക്ഷീയമാണെന്നും അത് അംഗീകരിക്കാനാവില്ല' എന്ന് എ എം ആരിഫ് എംപി അഭിപ്രായപ്പെട്ടു' എന്ന തരത്തില്‍ പ്രതികരണത്തിന്റെ ഒരുഭാഗം മാത്രമാണ് മീഡിയാ വണ്‍ ചാനലില്‍ എഴുതിക്കാണിക്കുന്നത്. റെയ്ഡ് ഏകപക്ഷീയമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, അതിനെ അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞിട്ടില്ല. പോപുലര്‍ ഫ്രണ്ട് തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്നുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുസമൂഹത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന സംഘടനയാണെന്നുതന്നെയാണ് പറഞ്ഞതെന്നും എംപി കൂട്ടിച്ചേര്‍ത്തു.

Full View

Tags:    

Similar News