പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില; ഗൂഢ നീക്കങ്ങള്‍ തുടര്‍ന്ന് പ്രഫുല്‍ പട്ടേല്‍; കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയാറാക്കുന്നു
അഡ്മിനിസ്‌ട്രേറ്ററുടെ കാവി വല്‍ക്കരണ നീക്കങ്ങള്‍ക്കെതിരേ പ്രതികരിക്കുന്ന ജീവനക്കാരെ സര്‍വീസില്‍നിന്നു പിരിച്ചുവിടാനുള്ള ഗൂഢനീക്കമാണിതെന്ന സംശയം പലകോണുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്.
കവരത്തി: ലക്ഷദ്വീപില്‍ ഒളിയജണ്ടകളുമായി മുന്നോട്ട് പോവുന്ന ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജിക്കുമ്പോഴും ഗൂഢനീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് പുതുതായി ചുമതലയേറ്റെടുത്ത അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍.
സര്‍ക്കാര്‍ ജീവനക്കാരെ വരുതിയിലാക്കാന്‍ 'കാര്യക്ഷമത' ഭീഷണിയാണ് പുതുതായി മുഴക്കിയിരിക്കുന്നത്. കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയാറാക്കുമെന്നാണ് പുതിയ അറിയിപ്പ്. ദ്വീപുകാരായ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് നടപടി. നിയമന നടപടികള്‍ പുനപ്പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ലക്ഷദ്വീപിലെ നിയമന രീതികളെല്ലാം അട്ടിമറിച്ച് ഒരു സെലക്ഷന്‍ ബോര്‍ഡ് നേരത്തെതന്നെ രൂപീകരിച്ചിരുന്നു. അതില്‍ ലക്ഷദ്വീപിലെ ഒരു ജനപ്രതിനിധിയെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നു മാത്രമല്ല ഉത്തരേന്ത്യയിലെ ഉദ്യോഗസ്ഥരെ കുത്തി നിറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ജീവനക്കാരുടെ പട്ടിക തയാറാക്കാനുള്ള നീക്കം. അഡ്മിനിസ്‌ട്രേറ്ററുടെ കാവി വല്‍ക്കരണ നീക്കങ്ങള്‍ക്കെതിരേ പ്രതികരിക്കുന്ന ജീവനക്കാരെ സര്‍വീസില്‍നിന്നു പിരിച്ചുവിടാനുള്ള ഗൂഢനീക്കമാണിതെന്ന സംശയം പലകോണുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്.
പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദ്വിപിലും പുറത്തും വന്‍ പ്രതിഷേധമാണ് നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ പൊതുതാത്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്. പ്രഫുല്‍ പട്ടേലിനെ പിന്‍വലിക്കണമെന്നു കോണ്‍ഗ്രസും ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ ലക്ഷദ്വീപില്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇതിലേക്ക് ബിജെപി ലക്ഷദ്വീപ് ഘടകത്തേയും ക്ഷണിച്ചിട്ടുണ്ട്.