'ഹിന്ദുക്കള്‍ വീടുകളില്‍ മൂര്‍ച്ചയുള്ള കത്തികള്‍ സൂക്ഷിക്കുക'; കലാപാഹ്വാനം നടത്തിയ പ്രജ്ഞാ സിങ്ങിനെതിരേ കേസ്

Update: 2022-12-29 03:46 GMT

ബംഗളൂരു: ശത്രുക്കളെ നേരിടാന്‍ ഹിന്ദുക്കള്‍ വീടുകളില്‍ മൂര്‍ച്ച കൂടിയ ആയുധങ്ങള്‍ സൂക്ഷിച്ചുവയ്ക്കണമെന്ന് ആഹ്വാനം ചെയ്ത ഭോപാല്‍ ബിജെപി എംപി പ്രജ്ഞാ സിങ് താക്കൂറിനെതിരേ കര്‍ണാടക പോലിസ് കേസെടുത്തു. ശിമോഗ ഡിസിസി പ്രസിഡന്റ് എച്ച് എസ് സുന്ദരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടെ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ (മതത്തിന്റെയും വംശത്തിന്റെയും പേരില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 എ (മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശപരവുമായ പ്രവൃത്തികള്‍) ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലിസ് അറിയിച്ചു.

അന്വേഷണം നടക്കുകയാണെന്നും പോലിസ് വ്യക്തമാക്കി. കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത ബിജെപി എംപിക്കെതിരേ കേസെടുക്കാതെ പരാതിക്കാരനോട് ഹാജരാവാന്‍ പോലിസ് നോട്ടിസ് നല്‍കിയത് വലിയ വിവാദമായിരുന്നു. രാഷ്ട്രീയ നിരീക്ഷകനും പൊതുപ്രവര്‍ത്തകനുമായ തെഹ്‌സീന്‍ പൂനേവാലയാണ് പ്രജ്ഞാ സിങ്ങിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ശിമോഗ എസ്പി ജി കെ മിഥുന്‍കുമാറിന് ഇ- മെയില്‍ മുഖേന പരാതി നല്‍കിയിരുന്നത്. ഇതിന്റെ പകര്‍പ്പ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് അയക്കുകയും ചെയ്തു.

എന്നാല്‍, കലാപാഹ്വാനം നടത്തിയ ബിജെപി എംപിക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തേണ്ടതിന് പകരം പരാതിക്കാരനായ പൂനേവാലയോട് അന്വേഷണത്തില്‍ പങ്കുചേരുന്നതിന് നേരിട്ട് സ്റ്റേഷനിലെത്തണമെന്ന് ആവശ്യപ്പെട്ടാണ് ശിമോഗ കോട്ടെ പോലിസ് സ്‌റ്റേഷനില്‍ നിന്ന് ഇ- മെയില്‍ മുഖേന നോട്ടിസ് അയച്ചത്. ഇത് വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് പ്രജ്ഞാ സിങ്ങിനെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറായിരിക്കുന്നത്. കര്‍ണാടകയിലെ ശിവമോഗയില്‍ ഹിന്ദു ജാഗരണ വേദികയുടെ ദക്ഷിണമേഖലാ വാര്‍ഷിക കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് ബിജെപി എംപി കൊലവിളി പ്രസംഗം നടത്തിയത്.

ഹിന്ദു സമുദായക്കാര്‍ സ്വയം സംരക്ഷിക്കാന്‍ അവരുടെ വീടുകളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സൂക്ഷിച്ചുവയ്ക്കണന്നാണ് എംപി പറഞ്ഞത്. തങ്ങളെ ആക്രമിക്കുന്നവര്‍ക്കും അവരുടെ അന്തസ്സിനും മറുപടി നല്‍കാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ട്. കുറഞ്ഞത് പച്ചക്കറികള്‍ മുറിക്കാനുപയോഗിക്കുന്ന ഒരു കത്തിയെങ്കിലും വീട്ടില്‍ സൂക്ഷിക്കണമെന്നായിരുന്നു ആഹ്വാനം. 'നിങ്ങള്‍ എത്തരത്തിലുള്ള സാഹചര്യമാണ് നേരിടേണ്ടിവരിക എന്ന് പറയാനാവില്ല. എല്ലാവര്‍ക്കം സ്വയം സംരക്ഷിക്കാന്‍ അവകാശമുണ്ട്. ആരെങ്കിലും നിങ്ങളുടെ വീടുകളില്‍ അതിക്രമിച്ച് കയറി ആക്രമിക്കാന്‍ തുനിഞ്ഞാല്‍ ഉചിതമായി പ്രതിരോധിക്കേണ്ടത് ആവശ്യമാണ്.

ഹിന്ദുക്കള്‍ക്കു നേരെയുണ്ടാവുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്'- ഭോപാല്‍ ബിജെപി എംപി വ്യക്തമാക്കി. ലൗ ജിഹാദ് പരാമര്‍ശവും ആവര്‍ത്തിച്ചു. ''അവര്‍ ലൗവ് ജിഹാദ് എന്ന പരമ്പരാഗത സമ്പ്രദായം പിന്തുടരുന്നവരാണ്. ഒന്നും ചെയ്യാനില്ലെങ്കില്‍ അവര്‍ ലൗ ജിഹാദിന് ഇറങ്ങിപ്പുറപ്പെടും. പ്രണയം ആവശ്യമാണെങ്കില്‍ പോലും ലൗ ജിഹാദ് ആണ് അവര്‍ക്ക് പ്രിയം. നമ്മള്‍ ഹിന്ദുക്കള്‍ വളരെ സ്‌നേഹമുള്ളവരാണ്. ദൈവത്തെ സ്‌നേഹിക്കുന്നവരാണ്. ഒരു സന്യാസി അദ്ദേഹത്തിന്റെ ദൈവത്തെയാണ് പ്രണയിക്കുന്നത്.

എല്ലാ പീഡകരെയും പാപികളെയും നീക്കം ചെയ്യാത്തിടത്തോളം ദൈവം സൃഷ്ടിച്ച ഈ ലോകത്ത് സ്‌നേഹത്തിന്റെ യഥാര്‍ഥ നിര്‍വചനം നിലനില്‍ക്കില്ല. ലൗ ജിഹാദില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് അതേ രീതിയില്‍ പ്രതികരിക്കുക. നിങ്ങളുടെ പെണ്‍മക്കളെ സംരക്ഷിക്കുകയും നല്ല മൂല്യങ്ങള്‍ നല്‍കി വളര്‍ത്തുകയും ചെയ്യുക- പ്രജ്ഞാ സിങ് പറഞ്ഞു. മിഷനറി സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിച്ചാല്‍ അവര്‍ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തള്ളും. മിഷനറി സ്‌കൂളുകളില്‍ കുട്ടികളെ അയക്കുന്നതിലൂടെ നിങ്ങള്‍ക്കായി വൃദ്ധസദനങ്ങളുടെ വാതില്‍ തുറക്കുകയാണ്. കുട്ടികള്‍ നിങ്ങളുടേത് ആവില്ല, നിങ്ങളുടെ സംസ്‌കാരവും ആവില്ല. അവര്‍ വൃദ്ധസദനങ്ങളുടെ സംസ്‌കാരത്തില്‍ വളരുകയും സ്വാര്‍ഥരാവുകയും ചെയ്യും- പ്രജ്ഞാ സിങ് പറഞ്ഞു.

Tags:    

Similar News