സ്വകാര്യബസ്സുകള്‍ക്ക് ഒറ്റ, ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താം
നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി. ശനിയും ഞായറും സര്‍വീസ് അനുവദനീയമല്ല.
തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയന്ത്രിതമായി നാളെ മുതല്‍ സ്വകാര്യബസ്സുകള്‍ക്ക് സര്‍വീസ് നടത്താമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒറ്റ, ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില്‍ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യബസ്സുകള്‍ ഓടേണ്ടത്. എല്ലാ സ്വകാര്യബസ്സുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല നിലവിലുള്ളത്.
അതിനാലാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ ബസ്സുകള്‍ മാറി മാറി സര്‍വീസ് നടത്തണമെന്ന നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. ഇതനുസരിച്ച് നാളെ ഒറ്റ അക്ക നമ്പര്‍ ബസ്സുകളാണ് ഓടേണ്ടത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പര്‍ ബസ്സുകള്‍ സര്‍വീസ് നടത്തണം. ചൊവ്വ (22), വ്യാഴം ദിവസങ്ങളിലും തുടര്‍ന്ന് വരുന്ന തിങ്കളാഴ്ചയും (28) ഒറ്റ നമ്പര്‍ ബസ്സുകളാണ് നിരത്തിലിറങ്ങേണ്ടത്.
തുടര്‍ന്ന് വരുന്ന ദിവസങ്ങളിലും ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം സ്വകാര്യബസ് സര്‍വീസുകള്‍ നടത്തേണ്ടത്. ശനിയും ഞായറും സര്‍വീസ് അനുവദനീയമല്ല. എല്ലാ സ്വകാര്യ ബസ്സുടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ഗതാഗതമന്ത്രി പറഞ്ഞു.