പ്രഫ. ഹാനി ബാബുവിന്റെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് പ്രമുഖര്‍
അടിസ്ഥാനരഹിതമായ ഈ കേസില്‍ ഹാനി ബാബുവും മറ്റ് ആരോപിതരും നേരിടുന്ന ആസൂത്രിത ഭരണകൂടവേട്ട അങ്ങേയറ്റം അപലപനീയമാണ്.
ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സി കെട്ടിച്ചമച്ച ഭീമാ കൊറേഗാവ് എല്‍ഗാര്‍ പരിഷത് കേസില്‍ അന്യായമായി പ്രതിചേര്‍ക്കപ്പെട്ട് കഴിഞ്ഞ ഒമ്പതു മാസമായി മുംബൈയിലെ ജയിലില്‍ തടവില്‍ കിടക്കുന്ന മലയാളിയും ഭാഷാപണ്ഡിതനും ദല്‍ഹി യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസറുമായ എം ടി ഹാനി ബാബുവിന്റെ മോചനത്തിനായി ഇടപെടണമെന്നാവശ്യവുമായി പ്രമുഖര്‍ രംഗത്ത്.
അടിസ്ഥാനരഹിതമായ ഈ കേസില്‍ ഹാനി ബാബുവും മറ്റ് ആരോപിതരും നേരിടുന്ന ആസൂത്രിത ഭരണകൂടവേട്ട അങ്ങേയറ്റം അപലപനീയമാണ്. എന്‍ഐഎ മുംബൈക്ക് വിളിപ്പിച്ച ഹാനി ബാബുവിനെ, അഞ്ച് ദിവസത്തെ നിരര്‍ത്ഥകമായ ചോദ്യംചെയ്യലിന് ശേഷം, 2020 ജൂലൈ 28ന് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. മുമ്പ് 2019 സെപ്റ്റംബറിലും അറസ്റ്റിനു ശേഷം 2020 ആഗസ്റ്റിലും ഹാനി ബാബുവിന്റെ വീട്ടില്‍ നീണ്ടതും ഭയപ്പെടുത്തുന്നതുമായ റെയ്ഡ് നടത്തി. വാറണ്ടോ രേഖകളോ കൂടാതെ, തെളിവെടുപ്പിന്റെ അടിസ്ഥാന നടപടിക്രമങ്ങളെപ്പോലും അവഗണിച്ച്, പുസ്തകങ്ങളും രേഖകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തു.
പിടിച്ചെടുത്ത വസ്തുക്കളെപ്പറ്റി കൃത്യമായ പട്ടികയോ ഹാഷ് വാല്ല്യുവോ നല്‍കാതിരിക്കുകവഴി അവയുടെ തെളിവുമൂല്യത്തില്‍ വിട്ടുവീഴ്ച ചെയ്യുകയും കൂടുതല്‍ ദുരുപയോഗത്തിന് ബോധപൂര്‍വം സാധ്യതയൊരുക്കുകയുമാണ് അന്വേഷണ ഏജന്‍സി ചെയ്തത്. അദ്ദേഹത്തിന്റെ കുടുംബം വെളിപ്പെടുത്തിയത് പോലെ, ഈ കേസില്‍ അറസ്റ്റുചെയ്യപ്പെട്ട മറ്റുള്ളവര്‍ക്കെതിരേ മൊഴി കൊടുത്ത് ഒരു സാക്ഷിയാക്കാനുള്ള സമ്മര്‍ദ്ദം എന്‍ഐഎ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാവുകയും, അതു നിരസിച്ച ഹാനിബാബുവിന്റെ നീതിബോധത്തിന് പ്രതികാരമായി അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാന്‍ എന്‍ഐഎ നിശ്ചയിച്ചുറപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്നു എന്നുവേണം ന്യായമായും അനുമാനിക്കാന്‍ എന്നും പ്രസ്താവനയില്‍ പറയുന്നു.
അദ്ദേഹത്തിനും ഭരണകൂട വേട്ടയ്ക്ക് വിധേയമായി തടവില്‍ കിടക്കുന്ന മറ്റനേകം നിരപരാധികള്‍ക്കും നീതി ഉറപ്പാക്കാനുള്ള നിലക്കാത്ത ശബ്ദങ്ങള്‍ ഉയര്‍ന്നുവരേണ്ട സമയമാണിത്. നാം നിശബ്ദമായിരിക്കുന്ന ഓരോ നിമിഷവും ഈ രാജ്യത്തിന്റെ ജനാധിപത്യമനുഷ്യാവകാശങ്ങള്‍ പരിമിതപ്പെട്ടുകൊണ്ടിരിക്കയാണ്. നീതിക്കു വേണ്ടിയുള്ള മുറവിളികള്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ചുകൊണ്ടു നാമെല്ലാവരും ഒന്നിച്ചുയര്‍ത്തിയേ തീരൂ എന്ന് ആവശ്യപ്പെട്ടാണ് പ്രസ്താവന അവസാനിക്കുന്നത്.
പ്രസ്താവനയില്‍ കെ മുരളീധരന്‍ എംപി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ബിനോയ് വിശ്വം എംപി , കെ പി എ മജീദ് എംഎല്‍എ, ഡോ. എം കെ മുനീര്‍ എംഎല്‍എ, മുനവ്വറലി ശിഹാബ് തങ്ങള്‍, എം പി അബ്ദുസ്സമദ് സമദാനി, വി ടി ബല്‍റാം, സച്ചിദാനന്ദന്‍, ബി ആര്‍ പി ഭാസ്‌കര്‍, സണ്ണി എം കപ്പിക്കാട്, പ്രഫ. എം എച്ച് ഇല്യാസ്, കെ അംബുജാക്ഷന്‍, ഹമീദ് വാണിയമ്പലം, കെ കെ ബാബുരാജ്, ഇലവു പാലം ശംസുദ്ദീന്‍ മന്നാനി, അബ്ദുല്‍ ശുക്കൂര്‍ ഖാസിമി, വി എച്ച് അലിയാര്‍ ഖാസിമി, സി കെ അബ്ദുല്‍ അസീസ്, പ്രഫ. ദിലീപ് രാജ്, പി മുജീബ് റഹ്മാന്‍, നഹാസ് മാള, ഡോ. അരുണ്‍ ലാല്‍, ഡോ. ഹരീഷ് തറയില്‍, ഡോ. എ ശ്രീഹരി, പ്രഫ. എം സുരേഷ്, പി അബ്ദുല്‍ മജീദ് ഫൈസി, ഇ എം അംജദ് അലി, എ എസ് അജിത് കുമാര്‍, ദിനു വെയില്‍, ഡോ. എം ടി അന്‍സാരി, ഡോ. ജെനി റൊവീന, പ്രഫ. കാര്‍മല്‍ ക്രിസ്റ്റി, ഡോ. ജെ ദേവിക, പ്രഫ. ശ്രീബിത പി വി, ഡോ. കെ ആര്‍ കാവ്യകൃഷ്ണ, ഡോ. അരുണ്‍ അശോകന്‍, കെ സിമി, ചിത്ര ലേഖ, ഡോ. ഒ കെ സന്തോഷ്, ശിഹാബ് പൂക്കോട്ടൂര്‍, ശംസീര്‍ ഇബ്രാഹീം, ഫായിസ് കണിച്ചേരി, ഡോ. കെ അഷ്‌റഫ്, നജ്ദ റൈഹാന്‍, ഉമ്മുല്‍ ഫായിസ, മൃദുല ഭവാനി, തമന്ന സുല്‍താന, പ്രഫ. രതീഷ് കൃഷ്ണന്‍, ഡോ. ഷീബ കെ എം, നോയല്‍ മറിയം ജോര്‍ജ്ജ്, ഡോ. കെ എസ് സുദീപ്, പ്രഫ. സച്ചിന്‍ എന്‍, ഡോ. ശ്രുതീഷ് കണ്ണാടി, അഡ്വ. ഹാഷിര്‍ കെ. മുഹമ്മദ്, പ്രഫ. നവനീത മോക്കില്‍, ടി.ടി ശ്രീകുമാര്‍, പ്രൊഫ. രേഷ്മ ഭരദ്വാജ്, തുടങ്ങിയവര്‍ പ്രസ്താവനയില്‍ ഒപ്പുവച്ചു.