ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ശ്രീലങ്ക; അവശ്യസാധനങ്ങള്‍ക്ക് തീവില, തെരുവില്‍ കലാപം
ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും കടുത്ത ദൗര്‍ലഭ്യം ജനങ്ങളെ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാക്കിയ ദ്വീപ് രാജ്യത്തിന്റെ വിദേശ കടബാധ്യത കുത്തനെ ഉയര്‍ന്നതും വിലക്കയറ്റവുമാണ് ഭീതിതമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
കൊളംബോ: ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ് അയല്‍രാജ്യമായ ശ്രീലങ്ക.ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും കടുത്ത ദൗര്‍ലഭ്യം ജനങ്ങളെ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാക്കിയ ദ്വീപ് രാജ്യത്തിന്റെ വിദേശ കടബാധ്യത കുത്തനെ ഉയര്‍ന്നതും വിലക്കയറ്റവുമാണ് ഭീതിതമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിതരണ ശൃംഖലയിലെ തടസ്സം മൂലം ഗോതമ്പ് വില കുത്തനെ ഉയരുന്നതും ആഗോള ക്രൂഡ് വില 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഉയരുന്നതും പ്രതിസന്ധിയുടെ ആഴംകൂട്ടും.
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു. യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയില്‍ അരി കിലോയ്ക്ക് 448 ലങ്കന്‍ രൂപ(128 ഇന്ത്യന്‍ രൂപ) യാണ് വില. ഒരു ലിറ്റര്‍ പാല്‍ വാങ്ങാന്‍ 263 (75 ഇന്ത്യന്‍ രൂപ) ലങ്കന്‍ രൂപയാവും.
പെട്രോളിനും ഡീസലിനും നാല്‍പ്പത് ശതമാനം വില കൂടി. ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കണം ഇപ്പോള്‍ പെട്രോളും ഡീസലും കിട്ടാന്‍. അതില്‍ തന്നെ ലിറ്ററിന് 283 ശ്രീലങ്കന്‍ രൂപയാണ് പെട്രോളിന്. ഡീസല്‍ ലിറ്ററിന് 176 ശ്രീലങ്കന്‍ രൂപ. രാജ്യത്തെ ഗതാഗതസംവിധാനം തന്നെ താറുമാറായ അവസ്ഥയാണ്. വൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തനമൂലധനമില്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ ദിവസം ഏഴരമണിക്കൂര്‍ പവര്‍കട്ടാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പതിറ്റാണ്ടുകള്‍ക്കിപ്പുറം സാമ്പത്തികപ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്കന്‍ സാമ്പത്തികമേഖല. വിദേശനാണയം തീര്‍ന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നിവൃത്തിയില്ലാതെയായി. ഇപ്പോള്‍ അന്താരാഷ്ട്ര നാണ്യനിധിയുടെയും ഇന്ത്യയുടെയുമെല്ലാം സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. ഐഎംഎഫില്‍ നിന്ന് വായ്പ സംഘടിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും. ഒരു ബില്യണ്‍ ഡോളര്‍ കടമായി ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ധനമന്ത്രി ബേസില്‍ രാജപക്‌സ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. ഈ വര്‍ഷം ഇത് വരെ 140 കോടി ഡോളര്‍ സഹായമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയത്.
കൊളംബോയില്‍ രാജപക്‌സയ്ക്ക് എതിരെ കടുത്ത പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. രാജപക്‌സ ഉടനടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് പേരാണ് തെരുവില്‍ കലാപമഴിച്ചുവിട്ട് അണിനിരന്നത്. പ്രതിപക്ഷപാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. സര്‍ക്കാരിനെ താഴെ വീഴ്ത്താനുള്ള ആഹ്വാനമായി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയാണ്.
കഴിഞ്ഞ കുറച്ചുകാലമായി ശ്രീലങ്കയില്‍ കയറ്റുമതിയും ഇറക്കുമതിയും തമ്മില്‍ കൃത്യമായ ഒരു അനുപാതം നിലനിന്നിരുന്നില്ല. കയറ്റുമതി കുറഞ്ഞുവരികയും ഇറക്കുമതി കൂടുകയും ചെയ്തതോടെ വിദേശനാണയം ആ വഴിക്ക് ചെലവായിത്തുടങ്ങി. കയറ്റുമതി വഴി വിദേശനാണയം കിട്ടുന്നത് കുറയുകയും ചെയ്തു. നിലവില്‍ ശ്രീലങ്കയിലെ വിദേശനാണയശേഖരം ഏതാണ്ട് തീര്‍ന്ന അവസ്ഥയിലാണ്.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2021 ഏപ്രില്‍ വരെ ശ്രീലങ്കയുടെ 35 ബില്യണ്‍ യുഎസ് ഡോളറിന്റെ വിദേശ കടത്തിന്റെ 10 ശതമാനവും ചൈനയുടെ സംഭാവനയാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ നിലവില്‍ ചില പഴങ്ങളും പാലുമടക്കമുള്ളവയുടെ ഇറക്കുമതി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. കാറുകള്‍, ഫ്‌ലോര്‍ ടൈലുകള്‍ അടക്കമുള്ള മറ്റ് ഉത്പന്നങ്ങളുടെ ഇറക്കുമതി നേരത്തേ തന്നെ നിരോധിച്ചിരുന്നു. പുറത്തേക്ക് വിദേശനാണ്യമായി രാജ്യത്തെ പണം പോകാതിരിക്കാണ് ആദ്യം ആഢംബരവസ്തുക്കളുടെയും ഏറ്റവുമൊടുവില്‍ ഗതികെട്ട് അവശ്യവസ്തുക്കളുടെയും ഇറക്കുമതി നിരോധിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതോടെ, കടുത്ത ഭക്ഷ്യക്ഷാമമാണ് രാജ്യത്തുണ്ടായത്. അവശ്യസാധനങ്ങളുടെ വില കുത്തനെ കൂടി.