കൊറോണ പരത്തിയെന്നു ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് കൊല്ലപ്പെട്ടിട്ടില്ല; തെറ്റായ വാര്‍ത്ത നല്‍കിയത് വാര്‍ത്താ ഏജന്‍സി
ഡല്‍ഹിയിലെ ബവാനയിലാണ് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത യുവാവാണ് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ മഹ്ബൂബ് അലി തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
ന്യൂഡല്‍ഹി: കൊറോണ വൈറസ് പരത്താന്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞു. മര്‍ദനത്തിന് ഇരയായ യുവാവ് കൊല്ലപ്പെട്ടിട്ടില്ലെന്നും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണെന്നും പോലിസ് സ്ഥിരീകരിച്ചു. പോലിസിനെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് യുവാവ് കൊല്ലപ്പെട്ടു എന്ന നിലയില്‍ ഇന്നലെ വാര്‍ത്ത നല്‍കിയത്. ഇതേ തുടര്‍ന്ന് നിരവധി മാധ്യമങ്ങള്‍ മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പോലിസ് തന്നെ പിന്നീട് വാര്‍ത്ത നിഷേധിച്ചു.
ഡല്‍ഹിയിലെ ബവാനയിലാണ് തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത യുവാവാണ് ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. ഹരേവാലി വില്ലേജിലെ 22 കാരനായ മഹ്ബൂബ് അലിയെയാണ് മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ മഹ്ബൂബ് അലി തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
മധ്യപ്രദേശിലെ ഭോപാലില്‍ തബ്‌ലീഗ് സമ്മേളനത്തിന് പോയ മെഹ്ബൂബ് അലി 45 ദിവസത്തിനുശേഷമാണ് തിരിച്ചെത്തിയത്. . പച്ചക്കറി ട്രക്കിലായിരുന്നു അലി മടങ്ങിയെത്തിയത്. ആസാദ്പുര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ഒരുക്കിയ മെഡിക്കല്‍ ക്യാംപില്‍ വൈദ്യപരിശോധനക്ക് വിധേയനായ അലിയെ രോഗബാധ ഇല്ലെന്ന് കണ്ടെതിനാല്‍ വീട്ടിലേക്ക് തിരിച്ചയ ച്ചു.
എന്നാല്‍ മടങ്ങി എത്തിയ അലിയെ ഗ്രാമത്തില്‍ കൊറോണ പരത്താന്‍ എത്തിയതാണെന്ന് ആരോപിച്ച് മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പോലിസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
മെഹബൂബ് അലി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണെന്ന് പോലിസ് സ്ഥിരീകരിച്ചു. കൊറോണ നിരീക്ഷണത്തില്‍ കഴിയുന്ന മെഹബൂബ് അലി സുഖം പ്രാപിക്കുന്നതായും പോലിസ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.