മതനിന്ദ: പഞ്ചാബില്‍ 24 മണിക്കൂറിനിടെ രണ്ടാമത്തെ ആള്‍ക്കൂട്ടക്കൊലപാതകം

കപൂര്‍ത്തല ജില്ലയിലെ നിജാംപൂര്‍ ഗ്രാമത്തിലാണ് ഇന്നു യുവാവ് കൊല്ലപ്പെട്ടത്

Update: 2021-12-19 13:53 GMT

ന്യൂഡല്‍ഹി: അമൃത്‌സറിലെ സുവര്‍ണ്ണ ക്ഷേത്രം അശുദ്ധമാക്കിയെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നതിന്റെ നടുക്കം വിട്ടും മാറും മുമ്പെ വീണ്ടും അരും കൊല. ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന് 24 മണിക്കൂര്‍ തികയും മുമ്പാണ് സമാനമായ സംഭവത്തില്‍ ഇന്നു മറ്റൊരു യുവാവ് കൂടി കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ടും ഇന്നു പുലര്‍ച്ചെയുമായിട്ടാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്.

കപൂര്‍ത്തല ജില്ലയിലെ നിജാംപൂര്‍ ഗ്രാമത്തിലാണ് ഇന്നു യുവാവ് കൊല്ലപ്പെട്ടത്.'ഇന്ന് പുലര്‍ച്ചെ ഒരു ഗുരുദ്വാരയില്‍ നിന്ന് ആളെ പിടികൂടി. പുലര്‍ച്ചെ 4 മണിയോടെ നിഷാന്‍ സാഹിബിനെ (സിഖ് പതാക) അനാദരിക്കുന്നത് കണ്ടു'- 'പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തെങ്കിലും സിഖ് സംഘടനകള്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയും പോലിസുമായുള്ള വാക്കേറ്റത്തിനൊടുവില്‍ നാട്ടുകാര്‍ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്നുള്ള സെല്‍ഫോണ്‍ വീഡിയോകളില്‍ ആളെ വടികൊണ്ട് മര്‍ദിക്കുന്നതായി കാണാം. പിന്നീട് പോലിസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു'-പഞ്ചാബ് പോലിസ് മേധാവി ട്വീറ്റ് ചെയ്തു.

ഗുരു ഗ്രന്ഥ സാഹിബിന്റെയും സിഖ് ക്ഷേത്രങ്ങളുടെയും അശുദ്ധീകരണം വിശുദ്ധ ഗ്രന്ഥത്തെ തങ്ങളുടെ 11ാമത്തെ ഗുരുവായി കാണുന്ന പഞ്ചാബിലെ സിഖുകാര്‍ക്കിടയിലും വളരെ വൈകാരികമായ വിഷയമാണ്.

അടുത്തിടെ സമാനമായ രീതിയിലുള്ള പല അക്രമ സംഭവങ്ങള്‍ക്കും രാഷ്ട്രീയ കോലാഹലങ്ങള്‍ക്കും കാരണമായ നിരവധി സംഭവങ്ങള്‍ മതനിന്ദ ആരോപിച്ച് പഞ്ചാബിലുണ്ടായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള കലഹത്തിന്റെ പ്രധാന കാരണങ്ങളിലൊന്നും ഗുരുദ്വാരയുടെ സുരക്ഷ സംബന്ധിച്ചായിരുന്നു. ശനിയാഴ്ചത്തെ സംഭവത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ആക്രമിച്ചുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടിയായ അകാലിദള്‍ ഉള്‍പ്പടേയുള്ളവര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ഇതിന് പിന്നില്‍ 'ആഴത്തില്‍ വേരൂന്നിയ ഗൂഢാലോചന'യുണ്ടെന്നാണ് അകാലിദള്‍ ആരോപിച്ചത്. സംസ്ഥാനവും കേന്ദ്ര സര്‍ക്കാരും ഇക്കാര്യം വിശദമായി പരിശോധിക്കണം. ഇത് വളരെ വേദനാജനകമായ കാര്യമാണ്. ഇന്ത്യയുടെ വാള്‍ ഭുജമായ പഞ്ചാബിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചിലര്‍ ഇതിനെ രാഷ്ട്രീയ കളിയാക്കി', അകാലിദള്‍ എംപി ബല്‍വീന്ദര്‍ ഭുന്ദര്‍ പറഞ്ഞു

Tags:    

Similar News