ഗൂഗിള്‍, ആപ്പിള്‍ മാപ്പുകളില്‍ ഫലസ്തീന്‍ പുനസ്ഥാപിക്കണം; ഐക്യദാര്‍ഢ്യവുമായി മഡോണ
ബ്ലാക്ക് ലീവ്‌സ് മാറ്റേഴ്‌സ് മൂവ്‌മെന്റുമായി ഫലസ്തീന്‍ പ്രശ്‌നത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടി ആഞ്ജല ഡേവിസ് ഈയടുത്ത് സംസാരിച്ചിരുന്നു. വംശീയതക്കെതിരായ ആഫ്രോഅമേരികക്കാരുടെ പോരാട്ടത്തിന് ഫലസ്തീനി ആക്ടിവിസ്റ്റുകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഗൂഗിള്‍ മാപ്പ്, ആപ്പിള്‍ മാപ്പുകളില്‍ നിന്നും ഫലസ്തീനെ ഒഴിവാക്കി എന്ന വാര്‍ത്തക്കെതിരെ അമേരിക്കന്‍ ഗായികയും നടിയുമായ മഡോണ. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് മഡോണ പ്രതികരിച്ചത്. പതിനഞ്ച് മില്യണ്‍ ആളുകള്‍ പിന്തുടരുന്ന മഡോണയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് താരം ഫലസ്തീന് പിന്തുണ അറിയിച്ച് രംഗത്തുവന്നത്.
ഫലസ്തീനെ മാപ്പില്‍ തിരികെ കൊണ്ടുവരിക, ഞാന്‍ ഫലസ്തീന് കൂടെ നില്‍ക്കുന്നുവെന്നും മഡോണ പോസ്റ്റില്‍ പറഞ്ഞു. ആക്ടിവിസ്റ്റ് ആഞ്ജല ഡേവീസിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് മഡോണ മറ്റൊരു പോസ്റ്റില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചത്. 'ഫലസ്തീന് കറുത്തവരുടെ ഐക്യദാര്‍ഢ്യം അറിയിക്കുന്നതോട് കൂടി പുതിയ കാല വംശീയതയെ ആഴത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു' എന്ന വരികളാണ് ആഞ്ജല ഡേവീസിന്റെതായി മഡോണ പങ്കുവെച്ചത്.
അതെസമയം, ഗൂഗിളിന്റെ നടപടിക്കെതിരെ ഒരു മില്യണ്‍ ആളുകള്‍ ഒപ്പിട്ട ഭീമന്‍ പെറ്റീഷന്‍ കാംപയിനും ആരംഭിച്ചിട്ടുണ്ട്. ഗൂഗിളിന്റെ പുതിയ നടപടി ഫലസ്തീനെതിരായ ഇസ്രായേലിന്റെ വംശീയ ഉന്മൂലന നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ചെയ്യുന്നതെന്ന് പെറ്റീഷന്‍ ചൂണ്ടിക്കാട്ടി. 'ഫലസ്തീന്‍ മണ്ണിലാണ് ഇസ്രായേല്‍ രൂപീകരിച്ചതെന്നത് വളരെ കൃത്യമാണ്, എന്നിട്ടും ഫലസ്തീന്‍ ഗൂഗിള്‍ മാപ്പില്‍ വരുന്നില്ല, എന്ത് കൊണ്ട്'; പെറ്റീഷന് ഒപ്പിട്ടവര്‍ ചോദിച്ചു.
ബ്ലാക്ക് ലീവ്‌സ് മാറ്റേഴ്‌സ് മൂവ്‌മെന്റുമായി ഫലസ്തീന്‍ പ്രശ്‌നത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടി ആഞ്ജല ഡേവിസ് ഈയടുത്ത് സംസാരിച്ചിരുന്നു. വംശീയതക്കെതിരായ ആഫ്രോഅമേരികക്കാരുടെ പോരാട്ടത്തിന് ഫലസ്തീനി ആക്ടിവിസ്റ്റുകള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. 1970ല്‍ വ്യാജ കാരണങ്ങളാല്‍ ഡേവീസിനെ ജയിലിലടക്കുന്ന സമയം ഫലസ്തീനിയന്‍ ആക്ടിവിസ്റ്റുകള്‍ മാത്രമാണ് പിന്തുണ നല്‍കിയതെന്നും ഡേവീസ് ഓര്‍ത്തെടുത്തു.