കൊവിഡ് പ്രതിരോധം: രണ്ട് കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍
അന്താരാഷ്ട്ര സഹകരണത്തിന്റെയും പ്രവര്‍ത്തന പരിജ്ഞാനവും നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് ആവശ്യമാണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി.
ദോഹ: കൊവിഡ് 19നെതിരായ പ്രതിരോധ മരുന്നിനായി രണ്ട് കോടി(20 മില്ല്യണ്‍) ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി.
ലണ്ടനില്‍ നടക്കുന്ന ലോക വാക്‌സിന്‍ ഉച്ചകോടിക്കിടെയാണ് അമീറിന്റെ പ്രഖ്യാപനം. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചക്കിടെയാണ് ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്യൂണൈസേഷന് അമീര്‍ സഹായം പ്രഖ്യാപിച്ചത്. കൊവിഡ് പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനയുടെ എല്ലാ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പരിപൂര്‍ണ പിന്തുണ ഉറപ്പുനല്‍കുന്നെന്ന് അമീര്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര സഹകരണത്തിന്റെയും പ്രവര്‍ത്തന പരിജ്ഞാനവും നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് ആവശ്യമാണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. കൊവിഡിനെതിരായ ഫലപ്രദമായ വാക്‌സിനുകളും പ്രതിരോധ മരുന്നുകളും കണ്ടെത്തുന്നതിന് വിവിധ രാജ്യങ്ങള്‍ തമ്മില്‍ പരസ്പര ധാരണയും ശ്രമങ്ങളും അനിവാര്യമാണെന്നും അമീര്‍ വ്യക്തമാക്കി.