അല്‍ജസീറ അടച്ചുപൂട്ടുന്നത് ജിസിസി ഉച്ചകോടി ചര്‍ച്ച ചെയ്തില്ലെന്ന് ഖത്തര്‍

2017ല്‍ ഉപരോധം ഏര്‍പ്പെടുത്തുമ്പോള്‍ അല്‍ജസീറ അടച്ചുപൂട്ടണമെന്നായിരുന്നു നാല് അയല്‍രാജ്യങ്ങളും മുന്നോട്ട് വച്ച ഉപാധികളില്‍ പ്രധാനം.

Update: 2021-01-08 09:52 GMT

ദോഹ: ഖത്തര്‍ ഉടമസ്ഥതയിലുള്ള അല്‍ജസീറ മാധ്യമ ശ്രൃംഖല അടച്ചുപൂട്ടുന്നത് സംബന്ധിച്ച് സൗദിയിലെ അല്‍ ഉലയില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടി ചര്‍ച്ച ചെയ്തില്ലെന്ന് ഖത്തര്‍. 2017ല്‍ ഉപരോധം ഏര്‍പ്പെടുത്തുമ്പോള്‍ അല്‍ജസീറ അടച്ചുപൂട്ടണമെന്നായിരുന്നു നാല് അയല്‍രാജ്യങ്ങളും മുന്നോട്ട് വച്ച ഉപാധികളില്‍ പ്രധാനം. ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്‌റയ്ന്‍ എന്നീ രാജ്യങ്ങള്‍ 13 ആവശ്യങ്ങാണ് മുന്നോട്ട് വച്ചിരുന്നത്.

സൗദിയില്‍ നടന്ന ഉച്ചകോടിയില്‍ ഖത്തറുമായുള്ള നയതന്ത്ര വിള്ളല്‍ അവസാനിപ്പിക്കുന്നതിനായി ഗള്‍ഫ് നേതാക്കള്‍ ഒപ്പുവച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം ചേര്‍ന്ന ജിസിസി ഉച്ചകോടിയില്‍ അല്‍ജസീറ അടച്ചുപൂട്ടല്‍ വിഷയം ആരും ഉന്നയിച്ചിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി അല്‍ജസീറയോട് പറഞ്ഞു.

അല്‍ ജസീറ പ്രശ്‌നം ആരും ഉന്നയിച്ചില്ല. തങ്ങളുടെ അഭിമാന സ്ഥാപനമാണിത്. അതിന്റെ പ്രഫഷണല്‍ മാധ്യമ പ്രവര്‍ത്തകരിലും ഖത്തറിലെ അവരുടെ സാന്നിധ്യത്തിലും അഭിമാനമുണ്ട്. അല്‍ജസീറയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഉറപ്പും അദ്ദേഹം നല്‍കി.

കുവൈത്തും അമേരിക്കയും സൗദിയുമടക്കം മധ്യസ്ഥം വഹിച്ച നിരവധി ചര്‍ച്ചകളെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് ഉച്ചകോടിക്ക് മുന്നോടിയായി ഉപരോധം പിന്‍വലിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചത്. ഖത്തറുമായുള്ള കര അതിര്‍ത്തി തുറന്നുനല്‍കുന്നതായി സൗദിയും പ്രഖ്യാപിച്ചു.

Tags:    

Similar News