ലോകകപ്പ് ഫുട്‌ബോള്‍: ഡിസംബര്‍ 23 വരെ ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക്
ദോഹ: ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 23 വരെ ഓണ്‍ അറൈവല്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ലോകകപ്പ് സമയത്ത് ഹയ്യാകാര്‍ഡ് വഴിയാണ് ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുക. 15 ലക്ഷത്തോളം ഫുട്‌ബോള്‍ ആരാധകരെത്തുമെന്നാണ് കണക്ക്. ഈ സമയത്ത് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ തരം സന്ദര്‍ശക വിസകള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തുന്നത്. എന്നാല്‍, ഡിസംബര്‍ 23ന് ശേഷം സന്ദര്‍ശക വിസ വഴിയുള്ള പ്രവേശനം സാധാരണ ഗതിയിലാവുമെന്ന് സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു. നവംബര്‍ ഒന്ന് മുതല്‍ രാജ്യത്ത് പ്രവേശനം അനുവദിക്കുന്ന ഹയ്യാ കാര്‍ഡ് ഉടമകള്‍ക്ക് ലോകകപ്പ് കഴിഞ്ഞും ഒരു മാസത്തിലേറെ ഖത്തറില്‍ തുടരാവുന്നതാണ്. ഇവര്‍ക്ക് 2023 ജനുവരി 23നുള്ളില്‍ മടങ്ങി പോയാല്‍ മതിയാവും.
അതേസമയം, ഖത്തര്‍ പൗരന്മാര്‍, താമസക്കാര്‍, ഖത്തര്‍ ഐഡിയുള്ള ജിസിസി പൗരന്മാര്‍ എന്നിവര്‍ക്ക് ലോകകപ്പ് വേളയില്‍ ഹയ്യാ കാര്‍ഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. വര്‍ക്ക് പെര്‍മിറ്റിലും, വ്യക്തിഗത റിക്രൂട്ട്‌മെന്റ് വിസയിലും എത്തുന്നവര്‍ക്കും പ്രവേശനത്തിന് തടസ്സങ്ങളില്ല. പ്രത്യേക മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി അംഗീകാരം ലഭിക്കുന്നവര്‍ക്കും ഇക്കാലയളവില്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.ലോകകപ്പ് സേഫ്റ്റി ആന്റ് സെക്യൂരിറ്റി കമ്മിറ്റി മീഡിയ യൂണിറ്റ് മേധാവിയും പബ്ലിക് റിലേഷന്‍ വിഭാഗം ഡയറക്ടറുമായ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത, ചാമ്പ്യന്‍ഷിപ്പ് സെക്യൂരിറ്റി ഓപറേഷന്‍സ് കമാന്‍ഡര്‍ ഓഫീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കേണല്‍ ജാസിം അല്‍ സായിദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.