സിറാജിനെതിരേ വീണ്ടും വംശീയാധിക്ഷേപം; ആസ്‌ട്രേലിയന്‍ കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി
മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കു നേരെ വംശീയാധിക്ഷേപം നടന്നതായി ഇന്നലെ തന്നെ പരാതി നല്‍കിയിരുന്നു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ വംശീയമായി അധിക്ഷേപിച്ച ആസ്‌ട്രേലിയന്‍ കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പോലിസ് പുറത്താക്കി. സിഡ്‌നി ടെസ്റ്റിന്റെ നാലം ദിനം ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിന് നേരെയാണ് കാണികള്‍ വംശീയാധിക്ഷേപം നടത്തിയത്. ഉടന്‍ തന്നെ സിറാജും ക്യാപ്റ്റന്‍ രഹാനെയും ഇക്കാര്യം അമ്പയര്‍മാരുടെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് പോലിസ് ഇടപെട്ട് കാണികളെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
മത്സരത്തിന്റെ 85ാം ഓവര്‍ കഴിഞ്ഞയുടനെയായിരുന്നു സംഭവം. ആ ഓവര്‍ എറിഞ്ഞ സിറാജിനെ കാമറൂണ്‍ ഗ്രീന്‍ അവസാന രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി സിക്‌സര്‍ പറത്തിയിരുന്നു. തുടര്‍ന്ന് ഫീല്‍ഡ് ചെയ്യാനായി ബൗണ്ടറി ലൈനിനരികിലെത്തിയപ്പോഴാണ് സിറാജിനെ കാണികള്‍ വംശീയമായി നേരിട്ടത്. മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കു നേരെ വംശീയാധിക്ഷേപം നടന്നതായി ഇന്നലെ തന്നെ പരാതി നല്‍കിയിരുന്നു. ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ, രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് ഇക്കാര്യം മാച്ച് റഫറിമാരുടെ ശ്രദ്ധയില്‍പെടുത്തിയത്. മത്സര ശേഷം മാച്ച് റഫറിമാരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു.
നാല് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ളത്. പരമ്പരയില്‍ ഓരോ മത്സരവും വിജയിച്ച് ഇരു ടീമുകളും തുല്യനിലയിലാണ്. അതേസമയം, മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ ലീഡ് 400 കടന്നു. നിലവില്‍ 403 റണ്‍സ് ലീഡാണ് ആതിഥേയര്‍ക്ക് ഉള്ളത്. ചായക്ക് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 312 എന്ന നിലയിലാണ്.