കൊവിഡ് 19: ഇന്ത്യയിലെ ദരിദ്രര്‍ക്കായി 65,000 കോടിയുടെ പാക്കേജ് വേണ്ടിവരുമെന്ന് രഘുറാം രാജന്‍

കൊവിഡ് ഭേദമായവര്‍ക്ക് പലയിടങ്ങളിലും സാമൂഹിക വിലക്ക് ഏര്‍പ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും ആശങ്കാജനകമാണ്. അതേ സമയം പ്രതിരോധ നടപടികളില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും അരമണിക്കൂര്‍ നീണ്ട വീഡിയോ കോണ്‍ഫറന്‍സിംഗില്‍ രഘുറാം രാജന്‍ വ്യക്തമാക്കി.

Update: 2020-04-30 06:07 GMT

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യക്ക് വഴികള്‍ നിര്‍ദേശിച്ച് റിസര്‍വ്വ് ബാങ്ക് മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍. രാഹുല്‍ ഗാന്ധിയുമായുള്ള ഫേസ്ബുക്ക് സംവാദത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം നിര്‍ദേശങ്ങള്‍ പങ്കുവച്ചത്.

ലോക്ക് ഡൗണ്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ദരിദ്രരെ സഹായിക്കാന്‍ 65000 കോടിയുടെ പാക്കേജ് വേണ്ടിവരുമെന്ന് രഘുറാം രാജ് പറഞ്ഞു. രോഗനിര്‍ണയ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്നും കൊവിഡിന്റെ പേരില്‍ ആരെയും സാമൂഹികമായി ഒറ്റപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെക്കേന്ത്യന്‍ സംസ്ഥാനങ്ങളാണ് കൊവിഡ് പ്രതിരോധത്തില്‍ മുന്നിലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കൊവിഡ് പ്രതിരോധം, കൊവിഡ് സാമ്പത്തിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതം തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ചര്‍ച്ചാപരമ്പരയിലെ ആദ്യ അധ്യായത്തിലാണ് രഘു റാം രാജന്‍ എത്തിയത്. 'ലോക്ക് ഡൗണിന് ശേഷം ഏറ്റവും വലിയ വെല്ലുവിളി അതിഥി തൊഴിലാളികളടക്കമുള്ള പാവപ്പെട്ടവരുടെ പുനരധിവാസമാണ്. മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങള്‍ അവര്‍ക്കായി ഒരുക്കണം. മികച്ച ആരോഗ്യം, കുട്ടികളുടെ വിദ്യാഭ്യാസം ഇതെല്ലാം ഉറപ്പ് വരുത്തേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരിന് മുന്നിലെ പ്രധാന ദൗത്യവും വെല്ലുവിളിയും ഇതാണ്.' രഘു റാം രാജന്‍ പറഞ്ഞു.

തൊഴിലില്ലായ്മയാണ് മറ്റൊരു വെല്ലുവിളി. കൊവിഡ് ഭേദമായവര്‍ക്ക് പലയിടങ്ങളിലും സാമൂഹിക വിലക്ക് ഏര്‍പ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും ആശങ്കാജനകമാണ്. അതേ സമയം പ്രതിരോധ നടപടികളില്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും അരമണിക്കൂര്‍ നീണ്ട വീഡിയോ കോണ്‍ഫറന്‍സിംഗില്‍ രഘുറാം രാജന്‍ വ്യക്തമാക്കി. അടുത്ത തവണ ഒരു സ്വീഡിഷ് വൈറോളജിസ്റ്റുമായിട്ടായിരിക്കും രാഹുല്‍ ഗാന്ധിയുടെ ചര്‍ച്ച. 

Tags:    

Similar News