കര്‍ണാടക: സഖ്യത്തില്‍ വിള്ളലുണ്ടാക്കുന്ന നടപടി ഉണ്ടാവരുതെന്ന് രാഹുല്‍ ഗാന്ധി; അംഗീകരിച്ച് സംസ്ഥാന നേതൃത്വം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ഈ സാഹചര്യത്തില്‍ സഖ്യ സര്‍ക്കാരിന് മേലുള്ള ഭീഷണി ബിജെപി ശക്തമാക്കാന്‍ ഒരുങ്ങുകയാണ്.
ബെംഗളൂരു: ബിജെപി മുന്നേറ്റം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സഖ്യസര്‍ക്കാരിനെ താഴെയിറക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്ക് തടയിടാന്‍ കര്‍ണാടകയില്‍ സഖ്യം ശക്തമാക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസും ദളും. സഖ്യ ധാരണകള്‍ക്ക് വിരുദ്ധമായി പ്രസ്താവനകളും നീക്കങ്ങളും നടത്തരുതെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് ശക്തമായ നിര്‍ദേശം നല്‍കിയിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ഈ സാഹചര്യത്തില്‍ സഖ്യ സര്‍ക്കാരിന് മേലുള്ള ഭീഷണി ബിജെപി ശക്തമാക്കാന്‍ ഒരുങ്ങുകയാണ്.സഖ്യമായുള്ള മത്സരത്തില്‍ ആത്മവിശ്വാസമര്‍പ്പിച്ചിരിക്കുന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായിരുന്നു ഫലങ്ങള്‍. ഇതിന് പിന്നാലെയാണ് സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് സംസ്ഥാനനേതാക്കള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയത്. കുമാരസ്വാമി സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്ക് തടയിടാനാണ് സഖ്യകക്ഷി ബന്ധം അരക്കിട്ടുറപ്പിക്കാനുള്ള നീക്കങ്ങള്‍ എഐസിസി നേതൃത്വം ശക്തമാക്കിയത്.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കര്‍ണാടകയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇരു പാര്‍ട്ടികളും. എന്നാല്‍ സീറ്റ് വിഭജനത്തിലെ പാളിച്ചയും താഴെത്തട്ടില്‍ തുടരുന്ന ജെഡിഎസ്-കോണ്‍ഗ്രസ് തര്‍ക്കങ്ങളും തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ എംഎല്‍എമാര്‍ കൂറുമാറാനുള്ള സാധ്യതയും ശക്തമാണ്.
തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും ജെഡിഎസ് കോണ്‍ഗ്രസിനൊപ്പം നിലകൊള്ളുമെന്ന് ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയും വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോ ബി.ജെ.പിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നും പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ദേവഗൗഡ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചുകഴിഞ്ഞാല്‍ ഏകോപന സമിതി യോഗം വീണ്ടും ചേരുമെന്നും കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കി.