റെയില്‍വേ ജനങ്ങളെ കൊള്ളയടിക്കരുത്: ഡോ. വി ശിവദാസന്‍ എം പി
കൊവിഡ് മഹമാരിയുടെ ദുരിതം പേറി ജനജീവിതം ദുസ്സഹമായ കാലത്തും ജനങ്ങളെ കൊള്ളയടിക്കാനാണ് റെയില്‍വേ ശ്രമിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം സാധാരണ നിലയിലേക്ക് പോകുമ്പോഴും റെയില്‍വേയുടെ കൊള്ളയടി തുടരുകയാണ്
കണ്ണൂര്‍: ജനങ്ങളെ കൊള്ളയടിക്കലല്ല, കുറഞ്ഞ ചിലവില്‍ സുഖകരമായ യാത്രാസൗകര്യം ഒരുക്കലാണ് റെയില്‍വേയുടെ പണി എന്ന് ഡോ.വി ശിവദാസന്‍ എം പി. ഇതു സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് അദ്ദേഹ കത്തയച്ചു. കൊവിഡ് മഹമാരിയുടെ ദുരിതം പേറി ജനജീവിതം ദുസ്സഹമായ കാലത്തും ജനങ്ങളെ കൊള്ളയടിക്കാനാണ് റെയില്‍വേ ശ്രമിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം സാധാരണ നിലയിലേക്ക് പോകുമ്പോഴും റെയില്‍വേയുടെ കൊള്ളയടി തുടരുകയാണ്. നിര്‍ത്തി വെച്ച സര്‍വ്വീസുകള്‍ സ്‌പെഷ്യല്‍ ട്രെയിനുകളാക്കി പുനരാരംഭിച്ചപ്പോള്‍ നിര്‍ത്തലാക്കിയ ഇളവുകള്‍ ജനജീവിതം സാധാരണ നിലയിലായിട്ടും പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല. നഷ്ടക്കണക്ക് പറഞ്ഞു കൊണ്ട് ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് റെയില്‍വേ കൈക്കൊള്ളുന്നത് എന്നത് പ്രതിഷേധാര്‍ഹമാണ്.
റെയില്‍വേ ടിക്കറ്റില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ നിര്‍ത്തലാക്കിയ നടപടി തികച്ചും ദൗര്‍ഭാഗ്യകരമാണ്. കൊവിഡിന് മുമ്പ് ഏകദേശം 53 വിഭാഗങ്ങളില്‍ ഇളവ് അനുവദിച്ചിരുന്ന റെയില്‍വേയില്‍ കൊവിഡ് വ്യാപന കാലത്ത് നിര്‍ത്തി വെച്ച സര്‍വ്വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ അപൂര്‍വ്വം ചില വിഭാഗങ്ങളില്‍ ഒഴികെയുള്ള ഇളവുകള്‍ നഷ്ടത്തിലാണെന്ന പേരില്‍ പൂര്‍ണ്ണമായും നിര്‍ത്തി വെച്ചിരിക്കുകയാണ്. മുതിര്‍ന്ന പൗരന്മാര്‍, പോലിസ് മെഡല്‍ ജേതാക്കള്‍, ദേശീയ പുരസ്‌കാരം നേടിയ അധ്യാപകര്‍, യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍, പ്രദര്‍ശന മേളകള്‍ക്ക് പോകുന്ന കര്‍ഷകര്‍, കലാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍, കായികമേളകളില്‍ പങ്കെടുക്കുന്നവര്‍ ഉള്‍പ്പെടെയുള്ള പല വിഭാത്തിലുള്ളവരുടേയും ടിക്കറ്റ് ഇളവുകള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തിവെച്ചത് പ്രതിഷേധാര്‍ഹമാണ്. കൊറോണയെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതല്‍ നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പത്ത് ശതമാനത്തില്‍ താഴെ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. കൂടാതെ ട്രെയിന്‍ സര്‍വ്വീസുകള്‍ സാധാരണ നിലയിലായിട്ടും ആവശ്യത്തിന് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ഇല്ല എന്നതും യാത്രാദുരിതം വര്‍ദ്ധിപ്പിക്കുകയാണ്. അപൂര്‍വം ട്രെയിനുകള്‍ ഒഴികെയുള്ള എല്ലാത്തിലും ജനറല്‍ ടിക്കറ്റ് ഇപ്പോഴും റിസര്‍വേഷന്‍ വഴിയാണ് ലഭിക്കുന്നത്. നേരത്തെയുണ്ടായിരുന്നതിന്റെ ഇരട്ടി ചാര്‍ജ് ആണ് ഈടാക്കുന്നത്. തൊഴിലാളികള്‍, ജീവനക്കാര്‍, ചെറുകിട വ്യപാരികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ദൈനംദിന ട്രെയിന്‍ യാത്രയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് ഇത് മൂലം ദുരിതത്തിലായിരിക്കുന്നത്.
രാജധാനി എക്‌സ്പ്രസ്, ശതാബ്ദി എക്‌സ്പ്രസ്, തുരന്തോ എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ടിക്കറ്റ് നിരക്കില്‍ മാറ്റമില്ലാതെ തന്നെ ഭക്ഷണം വിതരണം ചെയ്യുന്നത് നിര്‍ത്തി വെച്ച റെയില്‍വേ ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിച്ചപ്പോഴും ഭക്ഷണ വിതരണം ആരംഭിച്ചിട്ടില്ലെന്ന് മാത്രമല്ല ഭക്ഷണം കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടിക്കറ്റ് നിരക്ക് തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്.
കൊവിഡിന് ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുന്ന കാലത്ത് നേരത്തേയുണ്ടായിരുന്ന സേവനങ്ങളും ഇളവുകളും വെട്ടിച്ചുരുക്കിയും ഇല്ലാതാക്കിയും യാത്രാദുരിതം വര്‍ദ്ധിപ്പിക്കുകയും ചെയ്തു കൊണ്ട് ജനങ്ങളെ കൊള്ളയടിക്കുന്ന നീക്കം റെയില്‍വേ അവസാനിപ്പിക്കണമെന്നും മേല്‍ വിഷയങ്ങളില്‍ ഇടപെട്ട് റെയില്‍വേ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും ട്രെയിന്‍ ഗതാഗതം ലോക്ക്ഡൗണിന് മുന്നേയുള്ള സ്ഥിതിയിലേക്ക് മാറ്റണമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അയച്ച കത്തില്‍ ഡോ.വി ശിവദാസന്‍ എം പി ആവശ്യപ്പെട്ടു.