കുട്ടനാട്ടില്‍ വീണ്ടും മടവീഴ്ച: 1500ഏക്കറിലെ കൃഷി നശിച്ചു

Update: 2022-08-07 03:44 GMT

ആലപ്പുഴ: കുട്ടനാട്ടില്‍ വീണ്ടും മടവീഴ്ച. ചമ്പക്കുളത്താണ് രണ്ട് പാടങ്ങളിലായി ഇന്ന് മട വീണത്. ഇതോടെ രണ്ട് ദിവസങ്ങളിലായി കുട്ടനാട്ടില്‍ നാല് പാടശേഖരങ്ങളിലാണ് മടവീഴ്ച ഉണ്ടായത്.

ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറുനൂറ് പാടത്താണ് ആദ്യം മടവീണത്. മൂലമ്പള്ളിക്കാട് കരികാച്ചാട് പാടശേഖരത്തും മട വീണു.

ചക്കങ്കരി അറുനൂറ് പാടത്തുണ്ടായ മട വീഴ്ചയില്‍ പാടത്തിന്റെ പുറം ബണ്ടില്‍ താമസിക്കുന്ന മുപ്പത്തഞ്ചില്‍ ചിറ ജയന്റെ വീട് തകര്‍ന്നു.

കഴിഞ്ഞ ദിവസം മടവീണ ചെമ്പടി ചക്കങ്കരി പാടത്തിന്റെ സമീപത്തുള്ള പാടശേഖരമാണ് ഇത്.

ചമ്പക്കുളത്ത് മട വീണ മൂലമ്പള്ളിക്കാട് കരികാച്ചാട് 160 ഏക്കര്‍ കൃഷി നശിച്ചു. കിഴക്കന്‍ വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ ആണ് മട വീഴ്ച തുടരുന്നത്.

മഴക്കെടുതിയില്‍ ആലപ്പുഴയില്‍ ഭാഗികമായി നശിച്ച വീടുകള്‍ 30 ആയി. രണ്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.44 ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതുവരെ തുറന്നു. 516കുടുംബങ്ങള്‍ ആണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളത്. ആകെ 1771 പേര്‍ ക്യാമ്പുകളില്‍ ഉണ്ട്.

Tags:    

Similar News