രാജസ്ഥാന്‍ മുന്‍ മന്ത്രി മഹേഷ് ജോഷി ഇഡി കസ്റ്റഡിയിലിരിക്കെ ഭാര്യ അന്തരിച്ചു

Update: 2025-04-29 01:21 GMT
രാജസ്ഥാന്‍ മുന്‍ മന്ത്രി മഹേഷ് ജോഷി ഇഡി കസ്റ്റഡിയിലിരിക്കെ ഭാര്യ അന്തരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മഹേഷ് ജോഷി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരിക്കെ ഭാര്യ കൗസല്യാ ദേവി മരിച്ചു. തന്റെ ഭാര്യ മരണക്കിടക്കയിലാണെന്നും സമയം നീട്ടിനല്‍കണമെന്നും മഹേഷ് ജോഷി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി മഹേഷ് ജോഷിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് കോടതി മഹേഷ് ജോഷിക്ക് നാലു ദിവസത്തേക്ക് ജാമ്യം അനുവദിച്ചു.


ജല്‍ ജീവന്‍ മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഏപ്രില്‍ 24നായിരുന്നു മഹേഷ് ജോഷിയെ ഇഡി അറസ്റ്റ് ചെയ്തത്. തന്റെ ഭാര്യ പതിനഞ്ച് ദിവസമായി അബോധാവസ്ഥയിലാണെന്നും ഉടന്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് വൈകിക്കാന്‍ പറ്റുമോയെന്നും മഹേഷ് ജോഷി ചോദിച്ചിരുന്നു. പക്ഷേ, ഇഡി വിസമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.

ജോഷിയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി. ''ജോഷിയുടെ ഭാര്യ 15 ദിവത്തോളമായി അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു. ഈയൊരവസരത്തില്‍ നടത്തിയ അറസ്റ്റ് അദ്ദേഹത്തെ മാനസികമായി തകര്‍ത്ത് ഇഡിക്ക് ആവശ്യമുള്ള രീതിയില്‍ ഉത്തരം പറയിപ്പിക്കാന്‍ വേണ്ടിയായിരുന്നു.''-ഗെഹ്‌ലോട്ട് കുറ്റപ്പെടുത്തി.

Similar News