ബ്യൂറോക്രസിയിൽ ഇനി ആർഎസ്എസ് കളി നടക്കില്ല;സംഘി ചായ് വുള്ള ഉദ്യോഗസ്ഥരെ മാറ്റാനൊരുങ്ങി ഗെഹ് ലോട്ട്
സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ആർഎസ്എസ് പ്രവർത്തകരായ ഉദ്യോഗസ്ഥരെയും അനുഭാവികളെയും നിലയ്ക്കു നിർത്തണമെന്ന കോൺഗ്രസ് നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി നടപടി.
ജയ്പൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരുടെ നിസഹകരണം ഭരണത്തെ ബാധിച്ച സാഹചര്യത്തില്‍ ഇത്തരക്കാരെ നിലയ്ക്കുനിർത്താൻ തന്ത്രമൊരുക്കി രാജസ്ഥാനിൽ ഗെഹ് ലോട്ട് സർക്കാർ. മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് രാജസ്ഥാനിൽ ആർഎസ്എസ് മുക്ത ബ്യൂറോക്രസി ലക്ഷ്യമിട്ട് ജോലി തുടങ്ങിയിരിക്കുന്നത്. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന ആർഎസ്എസ് പ്രവർത്തകരായ ഉദ്യോഗസ്ഥരെയും അനുഭാവികളെയും നിലയ്ക്കു നിർത്തണമെന്ന കോൺഗ്രസ് നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി നടപടി. ഇതിന്റെ ഭാഗമായി ആര്‍എസ്എസ് അംഗങ്ങളായ ഉദ്യോഗസ്ഥര്‍ക്ക് വിപ്പ് നല്‍കും. ഇവരെ ട്രാന്‍സ്ഫര്‍ ചെയ്യുകയോ അപ്രധാന പദവികളിലേക്ക് മാറ്റുകയോ ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നിസ്സഹകരണം പ്രഖ്യാപിച്ച ഉദ്യോഗസ്ഥർക്കെതിരേ എംഎല്‍എമാരും പ്രദേശ് കോണ്‍ഗ്രസ് ഭാരവാഹികളും മുന്നോട്ടുവച്ച ആവശ്യം വളരെ പ്രധാനമാണെന്നും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ നീക്കുമെന്നും ഗെഹ് ലോട്ട് പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥ വൃന്ദങ്ങളിലുള്ള ശക്തമായ സ്വാധീനം കാരണം അശോക് ഗെഹ് ലോട്ടിന് കാര്യക്ഷമമായ ഭരണം നടത്താന്‍ പലപ്പോഴും തടസ്സമായിരുന്നു. ഇതോടെയാണ് മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ആര്‍എസ്എസ് അംഗങ്ങളായ പല ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റണമെന്ന് കോണ്‍ഗ്രസും പാര്‍ട്ടി മന്ത്രിമാരും ആവശ്യപ്പെട്ടത്. നേരത്തെ പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് വേളയില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരും ഇക്കാര്യം മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടതോടെ ഈയാവശ്യത്തിന് ശക്തി കൂടി. ഇതോടെയാണ് ബ്യൂറോക്രസിയിലെ ആര്‍എസ്എസ് സ്വാധീനം ഇല്ലാതാക്കാന്‍ അശോക് ഗെഹ് ലോട്ട് തീരുമാനിച്ചത്.