'സിഎഎ ഇന്ത്യന്‍ മുസ്‌ലിംകളെ ബാധിക്കില്ല'; ബിജെപി പ്രചാരണം ഏറ്റുപിടിച്ച് രജനീകാന്ത്

സംഘപരിവാര സംഘടനകള്‍ ദേശവ്യാപകമായി നടത്തുന്ന പ്രചാരണമാണ് രജനീകാന്ത് ആവര്‍ത്തിച്ചത്. മുസ് ലിംകളെ മാത്രം ഒഴിവാക്കിയുള്ള പൗരത്വ ഭേദഗതി നിയമം ദേശസുരക്ഷയുടെ ഭാഗമാണെന്നാണ് സംഘപരിവാര്‍ പ്രചാരണം.

Update: 2020-02-05 07:28 GMT

ചെന്നൈ: വിവാദമായ പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തില്‍ ബിജെപി പ്രചാരണം ഏറ്റുപിടിച്ച് നടന്‍ രജനീകാന്ത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന സിഎഎ ഇന്ത്യന്‍ മുസ്‌ലിംകളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് രജനീകാന്ത് അവകാശപ്പെട്ടു. ചെന്നൈയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം രേഖപ്പെടുത്തുന്നതിന് ഓരോ രാജ്യത്തിനും എന്‍ആര്‍സി വളരെ പ്രധാനമാണെന്നും താരം വ്യക്തമാക്കി. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനായി ചിലര്‍ സിഎഎയെക്കുറിച്ച് തെറ്റായ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ഇരട്ട പൗരത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭാവിയില്‍ സിഎഎ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയാല്‍ പ്രതിഷേധത്തിന് ഇറങ്ങുന്ന ആദ്യത്തെയാളായിരിക്കും താനെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബിജെപി ഉള്‍പ്പടെ സംഘപരിവാര സംഘടനകള്‍ ദേശവ്യാപകമായി നടത്തുന്ന പ്രചാരണമാണ് രജനീകാന്ത് ആവര്‍ത്തിച്ചത്. മുസ് ലിംകളെ മാത്രം ഒഴിവാക്കിയുള്ള പൗരത്വ ഭേദഗതി നിയമം ദേശസുരക്ഷയുടെ ഭാഗമാണെന്നാണ് സംഘപരിവാര്‍ പ്രചാരണം.

Tags:    

Similar News