രാജീവ് ഗാന്ധി വധം; നളിനിക്ക് 27 വര്‍ഷത്തിന് ശേഷം പരോള്‍

ജയിലില്‍ വച്ചുണ്ടായ മകള്‍ അരിത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആറുമാസത്തെ പരോള്‍ ചോദിച്ചാണ് നളിനി ഹൈക്കോടതിയെ സമീപിച്ചത്. 30 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.

Update: 2019-07-05 13:15 GMT

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നളിനിക്ക് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 30 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. 27 വര്‍ഷത്തിനു ശേഷമാണ് നളിനിക്ക് പരോള്‍ അനുവദിക്കുന്നത്. നേരത്തെ 2016 ല്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഒരു ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍, ഔദ്യോഗിക നടപടികള്‍ പ്രകാരം ലഭിക്കുന്ന ആദ്യ പരോളാണിത്.

1991 മേയ് 21 നാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ചാവേര്‍ സ്‌ഫോടനത്തിലൂടെയാണ് മുന്‍ പ്രധാനമന്ത്രിയായ രാജീവിനെ കൊലപ്പെടുത്തിയത്. കേസില്‍ നളിനിക്കെതിരേ വധ ശിക്ഷ വിധിച്ചിരുന്നു. സുപ്രീം കോടതിയും ശരിവച്ച വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചിരുന്നു.

ജയിലില്‍ വച്ചുണ്ടായ മകള്‍ അരിത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആറുമാസത്തെ പരോള്‍ ചോദിച്ചാണ് നളിനി ഹൈക്കോടതിയെ സമീപിച്ചത്. സ്വയം വാദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ എതിര്‍പ്പുകള്‍ മറികടന്നു കോടതി അനുവദിച്ചതോടെയാണ് മൂന്നുകൊല്ലത്തിനു ശേഷം നളിനി പുറംലോകം കാണുന്നത്.

ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരുമാസത്തെ പരോളിന് അവകാശമുണ്ട്. എന്നാല്‍ 27 വര്‍ഷമായി പരോള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു നളിനിയുടെ പരാതി.




Tags:    

Similar News