രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

രാജീവ് ഗാന്ധി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനി 29 വര്‍ഷമായി വെല്ലൂര്‍ വനിതാ ജയിലില്‍ തടവ്‌ ശിക്ഷ അനുഭവിച്ച് വരികയാണ്.

Update: 2020-07-21 09:01 GMT

വെല്ലൂര്‍: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതി നളിനി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. നളിനി ശ്രീഹരന്റെ അഭിഭാഷകന്‍ പുകളേന്തിയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാത്രിയാണ് നളിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അഭിഭാഷകന്‍ പറയുന്നു.

രാജീവ് ഗാന്ധി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട നളിനി 29 വര്‍ഷമായി വെല്ലൂര്‍ വനിതാ ജയിലില്‍ തടവ്‌ ശിക്ഷ അനുഭവിച്ച് വരികയാണ്. കഴിഞ്ഞ 29 വര്‍ഷത്തെ ജയില്‍ ജീവിതത്തിനിടയില്‍ ഇതാദ്യമായാണ് ഇത്തരൊരു ശ്രമം നളിനിയില്‍ നിന്നും ഉണ്ടാവുന്നതെന്ന് ഇന്ത്യാ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പുകളേന്തി പറഞ്ഞു. അതിനാല്‍ നളിനിയുടെ ആത്മഹത്യ ശ്രമത്തിന് പിന്നിലുളള യഥാര്‍ത്ഥ കാരണം പുറത്തുവരേണ്ടതുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

നളിനിയുടെ ഭര്‍ത്താവ് മുരുകനും രാജീവ് ഗാന്ധി കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ജയിലില്‍ നിന്നും ഫോണ്‍ വഴി അഭിഭാഷകനുമായി സംസാരിച്ച മുരുകന്‍ നളിനിയെ വെല്ലൂര്‍ ജയിലില്‍ നിന്നും പുഴല്‍ ജയിലിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ട നിയമനടപടികളിലേക്ക് കടക്കുമെന്ന് പുകഴേന്തി വ്യക്തമാക്കി.ജയിലില്‍ ഒപ്പമുളള തടവുകാരിയെ മാറ്റണമെന്ന് നളിനി ആവശ്യപ്പെട്ടിരുന്നതായി ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഈ ആവശ്യം അംഗീകരിക്കാത്തതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നും ജയില്‍ അധികൃതര്‍ പറയുന്നു. നളിനിയും ഭര്‍ത്താവ് മുരുകനും അടക്കം 7 പേരാണ് രാജീവ് ഗാന്ധി കൊലക്കേസില്‍ ടാഡ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. കുറ്റക്കാര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീടത് ജീവപര്യന്തം തടവായി കുറച്ചു. 1991 മെയ് 21ന് ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.


Tags:    

Similar News