ചിക്കാഗോ: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദലിത്, ആദിവാസി, സ്ത്രീകള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു യുഎസില്‍ റാലി. ചിക്കാഗോയില്‍ സംഘടിപ്പിച്ച റാലിയില്‍ ഇന്ത്യക്കാരും തെക്കന്‍ ഏഷ്യയില്‍ നിന്നുള്ളവരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. രാജ്യത്തു നടക്കുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും ഇതു അക്രമികള്‍ക്കു വീണ്ടും അക്രമണത്തിനു പ്രേരണയാവുന്നതായും റാലിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വലിയ വിവേചനമാണ് നേരിടുന്നത്. വംശീയ ആക്രമണങ്ങള്‍ക്കിരയാവുന്ന ഇത്തരക്കാര്‍ക്കോ കുടുംബങ്ങള്‍ക്കോ നീതി ലഭ്യമാവുന്നില്ല. ദലിതുകളും ആദിവാസികളും സ്ത്രീകളും ക്രൂരമായി ആക്രമിക്കപ്പെടുന്നു. ഇവര്‍ക്കാര്‍ക്കും നീതി ലഭ്യമാവുന്നില്ല എന്നത് പരിതാപകരമായ അവസ്ഥയാണ്. ആള്‍ക്കൂട്ടം നിയമം കയ്യിലെടുത്ത് വിധി നടപ്പാക്കുകയാണ്. ഇതിനെതിരേ ശക്തമായ നടപടികള്‍ കൈക്കൊണ്ടേ മതിയാവൂ- പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഹിന്ദുത്വര്‍ തല്ലിക്കൊന്ന അഖ്‌ലാഖ്, പെഹ്‌ലുഖാന്‍, അഫ്‌റാസുല്‍, ജുനൈദ്, തബ്‌രീസ് തുടങ്ങിയവരുടെ പേരുകള്‍ രേഖപ്പെടുത്തിയ പോസ്റ്ററുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.
ഇന്ത്യന്‍ ജനത നേരിടുന്ന പ്രധാന പ്രശ്‌നങ്ങളൊന്നും പരിഹരിക്കാനാവാത്ത സര്‍ക്കാരാണ് അക്രമികള്‍ക്കു പിന്തുണ നല്‍കുന്നതെന്നു പ്രതിഷേധക്കാരിലൊരാളായ ജസ്പാല്‍ സിങ് പറഞ്ഞു. ജനങ്ങളെ വിഭജിക്കുകയും വഴിതിരിച്ചുവിടുകയുമാണ് സര്‍ക്കാര്‍. ഭക്ഷണം, കുടിവെള്ളം, വീട്, സുരക്ഷ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനാവാത്ത സര്‍ക്കാര്‍ അക്രമികള്‍ക്കു പിന്തുണ നല്‍കുകയും പ്രശ്‌നങ്ങളെ വഴിതിരിച്ചുവിടുകയുമാണെന്നും സിങ് പറഞ്ഞു. വിദ്യാര്‍ഥികള്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.