രാമക്ഷേത്രം പ്രാണപ്രതിഷ്ഠ: ജനുവരി 22ന് എല്ലാ കോടതികള്‍ക്കും അവധി പ്രഖ്യാപിക്കണം; ചീഫ് ജസ്റ്റിസിന് കത്തയച്ച് ബാര്‍ കൗണ്‍സില്‍ അധ്യക്ഷന്‍

Update: 2024-01-17 17:11 GMT
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ കോടതികള്‍ക്കും ജനുവരി 22ന് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണും മുതിര്‍ന്ന അഭിഭാഷകനുമായ മനന്‍ കുമാര്‍ മിശ്ര സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചു. അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടന ചടങ്ങുകളിലും രാജ്യത്തുടനീളമുള്ള അനുബന്ധ പരിപാടികളിലും പങ്കെടുക്കാനോ നിരീക്ഷിക്കാനോ അവധി അനുവദിക്കണമെന്നാണ് ജനുവരി 17ന് അയച്ച കത്തില്‍ പറയുന്നത്. നീതിന്യായ വ്യവസ്ഥയുടെ തുടര്‍ പ്രവര്‍ത്തനം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഞാന്‍ മനസ്സിലാക്കുന്നു. അതിനാല്‍, അടിയന്തിര ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങള്‍ പ്രത്യേക ക്രമീകരണങ്ങളിലൂടെ അല്ലെങ്കില്‍ ആവശ്യമെങ്കില്‍ അടുത്ത പ്രവൃത്തി ദിവസത്തേക്ക് പുനഃക്രമീകരിക്കാന്‍ നിര്‍ദേശിക്കുന്നു. ശ്രീരാമക്ഷേത്രം ഉദ്ഘാടനത്തിന്റെ അഗാധമായ സാംസ്‌കാരിക പ്രാധാന്യം തിരിച്ചറിയുക മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക ധാര്‍മ്മികതയുമായി നിയമപരമായ പ്രക്രിയകളുടെ സമന്വയം പ്രകടിപ്പിക്കുകയും കൂടി ചെയ്യുന്ന ചടങ്ങാണിത്. രാമക്ഷേത്രത്തിന്റെ നിര്‍മാണം വലിയ വിശ്വാസത്തിന്റെ കാര്യമാണെന്നും പൗരന്മാര്‍ക്കിടയില്‍ അഗാധമായ വികാരം ഉണര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. 2019 നവംബര്‍ 09ന് ശ്രീരാമന്റെ ജന്മസ്ഥലം സ്ഥിരീകരിച്ച്, തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതിയുടെ സുപ്രധാന വിധി, ഹിന്ദു സമൂഹത്തിന്റെ സത്യത്തിലും വിശ്വാസത്തിലും പ്രതിധ്വനിക്കുന്നതാണ്. ഭഗവാന്‍ രാമന്റെ സാര്‍വത്രിക പ്രാധാന്യം സാംസ്‌കാരികവും മതപരവുമായ അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുന്നു. വൈവിധ്യമാര്‍ന്ന സമുദായങ്ങളിലും വിശ്വാസ സമ്പ്രദായങ്ങളിലുമുള്ള ആളുകളുടെ ഹൃദയത്തെയും മനസ്സിനെയും സ്പര്‍ശിക്കുന്നു. ശ്രീരാമന്റെ ജീവിതത്തിന്റെ ആഖ്യാനം, ധര്‍മ്മത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത, അനുകമ്പ, സമഗ്രത, വീര്യം തുടങ്ങിയ സദ്ഗുണങ്ങളുടെ മൂര്‍ത്തീകരണവും അദ്ദേഹത്തെ ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് പ്രചോദനത്തിന്റെയും ധാര്‍മ്മിക മികവിന്റെയും പ്രതീകമാക്കി മാറ്റിയെന്നും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്.
Tags:    

Similar News