അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം; ബാബരി കേസ് പ്രതി ട്രസ്റ്റ് പ്രസിഡന്റ്
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ വൃപേന്ദ്ര മിശ്രയെ മേധാവിയാക്കി നിര്‍മാണ സമിതി രൂപീകരിച്ചതായി ട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു.
ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുന്നതിനു വേണ്ടിയുള്ള ട്രസ്റ്റിന്റെ പ്രസിഡന്റായി ബാബരി മസ്ജിദ് ധ്വംസനക്കേസ് പ്രതിയും വിശ്വ ഹിന്ദു പരിഷത്ത് നിയന്ത്രണത്തിലുള്ള രാമ ജന്‍മഭൂമി ന്യാസിന്റെ തലവനുമായ നൃത്യ ഗോപാല്‍ ദാസിനെ തിരഞ്ഞെടുത്തു. വിശ്വ ഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റ് ചമ്പത് റായിയാണ് ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി. ട്രസ്റ്റിന്റെ പ്രഥമയോഗം ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാസില്‍ നടന്നു. മുതിര്‍ന്ന അഭിഭാഷകനും ട്രസ്റ്റിന്റെ പുതിയ മേധാവിയുമായ കെ പരാശരന്റെ വസതിയില്‍ നടന്ന യോഗം രണ്ടുമണിക്കൂറിലേറെ നീണ്ടുനിന്നു. ബുധനാഴ്ച നടന്ന ആദ്യ യോഗത്തില്‍ ക്ഷേത്ര ട്രസ്റ്റ് ഖജാഞ്ചിയായി ഗോവിന്ദ് ഗിരിയെയും തിരഞ്ഞെടുത്തു. ബാബരി കേസില്‍ അന്തിമ വിധി പുറപ്പെടുവിച്ച സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് അയോധ്യയിലെ രാമജന്‍മഭൂമിയില്‍ രാമക്ഷേത്രം നിര്‍മാണത്തിനു മേല്‍നോട്ടം വഹിക്കാനായി ട്രസ്റ്റ് രൂപീകരിച്ചത്.
ആദ്യ യോഗത്തില്‍, രാമക്ഷേത്ര നിര്‍മാണാരംഭത്തിന്റെ തിയ്യതി തീരുമാനിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഉണ്ടായില്ല. എന്നാല്‍, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ വൃപേന്ദ്ര മിശ്രയെ മേധാവിയാക്കി നിര്‍മാണ സമിതി രൂപീകരിച്ചതായി ട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു. 15 ദിവസത്തിനുശേഷം, ഈ ട്രസ്റ്റ് വീണ്ടും അയോധധ്യ സന്ദര്‍ശിച്ച് ക്ഷേത്ര നിര്‍മാണ തിയ്യതി പ്രഖ്യാപിക്കുമെന്ന് ട്രസ്റ്റ് വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. ജനങ്ങളുടെ വികാരം മാനിക്കുമെന്നും ക്ഷേത്ര നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു. രാമക്ഷേത്രത്തിന്റെ പ്രധാന മാതൃക അതേപടി നിലനില്‍ക്കും. എന്നാല്‍, ഉയരവും വീതിയും വര്‍ധിപ്പിക്കാന്‍ ശ്രമിക്കും. ക്ഷേത്ര നിര്‍മാണത്തിനുള്ള സംഭാവനയ്ക്കായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അയോധ്യ ശാഖയില്‍ ഒരു അക്കൗണ്ട് തുറക്കും.
കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി ആഭ്യന്തര മന്ത്രാലയം അഡീഷനല്‍ സെക്രട്ടറി ഗ്യാനേഷ് കുമാര്‍, യുപി സര്‍ക്കാര്‍ പ്രതിനിധി അവിനാശ് അവസ്തി, അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാര്‍ ഝാ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ക്ഷേത്ര ട്രസ്റ്റ് യോഗത്തില്‍ മൂന്ന് മതനേതാക്കളെ ട്രസ്റ്റിന്റെ പ്രസിഡന്റായും സെക്രട്ടറിയായും ഖജാഞ്ചിയായും നിയമിച്ചതിനെ ബിജെപി പ്രസിഡന്റ് ജെ പി നദ്ദ അഭിനന്ദിച്ചു. 500 വര്‍ഷത്തെ ഈ സമരത്തെ അന്തിമഘട്ടത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച മുഴുവന്‍ സന്ന്യാസി സമൂഹത്തെയും സാമൂഹിക സംഘടനകളെയും ബന്ധപ്പെട്ട പ്രവര്‍ത്തകരെയും രാജ്യത്തെ ജനങ്ങളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇത് ഞങ്ങളുടെ ദൃഢനിശ്ചയം സാക്ഷാല്‍ക്കരിക്കാനുള്ള ഒരു വലിയ ചുവടുവയ്പാണെന്നും നദ്ദ പറഞ്ഞു. അതേസമയം, ട്രസ്റ്റ് രൂപീകരണത്തെ എന്‍സിപി നേതാവ് ശരദ് പവാര്‍ വിമര്‍ശിച്ചു.
ഫെബ്രുവരി 5നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 15 അംഗ ട്രസ്റ്റ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിലെ ഏഴംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെട്ട അഞ്ച് അംഗങ്ങളും മൂന്ന് ട്രസ്റ്റിമാരുമാണ് ട്രസ്റ്റിലുള്ളത്. കഴിഞ്ഞ വര്‍ഷം നവംബറിലുണ്ടായ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ട്രസ്റ്റ് രൂപീകരണം. മുതിര്‍ന്ന അഭിഭാഷകന്‍ പരാശരന്‍ നയിക്കുന്ന ട്രസ്റ്റില്‍ ജഗദ്ഗുരു ശങ്കരാചാര്യ, അലഹബാദില്‍ നിന്നുള്ള ജ്യോതിഷ്പീഠാതീശ്വര്‍ സ്വാമി വാസുദേവനന്ദ് സരസ്വതി മഹാരാജ്, ഉഡുപ്പി പേജാവര്‍ മഠത്തില്‍ നിന്നുള്ള ജഗത്ഗുരു മാധവാചാര്യ സ്വാമി വിശ്വ പ്രസന്ന തീര്‍ഥ് മഹാരാജ്, ഹരിദ്വാറില്‍നിന്നുള്ള യുഗപുരുഷ് പരമാനന്ദ് മഹാരാജ്, പൂനെയില്‍ നിന്നുള്ള സ്വാമി ഗോവിന്ദ്‌ദേവ് ഗിരി മഹാരാജ്, അയോധ്യയില്‍ലെ വിമലേന്ദ്ര മോഹന്‍ പ്രതാപ് മിശ്ര എന്നിവരാണ് ട്രസ്റ്റ് അംഗങ്ങള്‍.