കാന്തപുരം അബൂബക്കര്‍ മുസ് ല്യാര്‍
സ്വയം നവീകരിക്കാനുള്ള അവസരങ്ങള്‍ ധാരാളമുള്ള കാലമാണല്ലോ റമദാന്‍. ഉള്ളു മിനുക്കുന്നതോടൊപ്പം ചുറ്റുമുള്ളവരെകൂടി നന്മയിലേക്ക് വഴിനടത്താനുള്ള വേളയായി റമദാന്‍ നാം ഉപയോഗപ്പെടുത്തണം. അതില്‍ പ്രധാനമാണ് വീട്ടിലും കുടുംബത്തിലുമുള്ള കുട്ടികള്‍ക്ക് വിശുദ്ധമാസത്തെ പരിചയപ്പെടുത്തുകയെന്നത്. മറ്റുമാസങ്ങളേക്കാള്‍ റമദാന്‍ സവിശേഷതയര്‍ഹിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടെങ്കിലേ പ്രത്യേക ഇബാദത്തുകളും സത്കര്‍മങ്ങളും ചെയ്യാന്‍ നമ്മുടെ മക്കള്‍ ഉല്‍സാഹിക്കൂ. ചെറുപ്പകാലം മുതലേ നല്ല ശീലങ്ങള്‍ പിന്തുടരുന്ന കുട്ടികള്‍ വളര്‍ന്നുവന്നെങ്കില്‍ മാത്രമേ ഇവിടെ നല്ലൊരു തലമുറ രൂപപ്പെടുകയുള്ളൂ.
റമദാന്‍ ആസന്നമാവുന്ന സമയത്തെ നമ്മുടെ കുടുംബത്തിനകത്തെ സാധാരണ സംസാരങ്ങളില്‍ റമളാന്‍ നിരന്തരം കടന്നുവരണം. റമളാനിലെ ആരാധനകളും നോമ്പ് തുറപ്പിക്കലും സകാത്ത് നല്‍കലും നോമ്പിലേക്ക് ഒരുങ്ങലും കുട്ടികള്‍ നോമ്പ് എടുക്കുന്നത് സംബന്ധിച്ചും എല്ലാം സംസാരിക്കണം. റമദാനില്‍ നന്മ ചെയ്താല്‍ കൂടുതല്‍ പുണ്യം കിട്ടുമെന്നും സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടുമെന്നും നമ്മുടെ ദോഷങ്ങള്‍ കൂടുതല്‍ പൊറുക്കപ്പെടുമെന്നും നരകത്തില്‍ നിന്ന് ആളുകളെ അല്ലാഹു മോചിപ്പിക്കുമെന്നും ചെറിയ ഉദാഹരണങ്ങളിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തണം. ഒപ്പം വിശപ്പ് സഹിക്കുന്നത് പട്ടിണിയുടെ വേദന അറിയാനാണെന്നും സഹായങ്ങള്‍ ചെയ്യുന്നത് ഒന്നുമില്ലാത്തവരുടെ ദുഃഖത്തിന് ശമനം നല്‍കുമെന്നൊക്കെ ഉണര്‍ത്തണം. ഇബാദത്തുകളുടെ സാമൂഹിക പ്രാധാന്യം ബോധ്യപ്പെടുത്താന്‍ ഇവ ഉപകരിക്കും. അതേസമയം നോമ്പു സംബന്ധമായി വന്ന തിരുനബി(സ്വ)യുടെയും സ്വഹാബാക്കളുടെയും ചരിത്രവും ഹദീസുകളും കുട്ടികള്‍ക്ക് നാം പറഞ്ഞുകൊടുക്കണം. ഓരോ പത്തിന്റെയും പ്രാധാന്യവും ബദ്ര്‍ ദിനം, ലൈലത്തുല്‍ ഖദ്ര്‍, തറാവീഹ്, വിത്ര്‍ എന്നിവയുടെ പുണ്യവും വിവരിച്ചുനല്‍കണം. എന്താണ് നോമ്പിന്റെ സവിശേഷത എന്ന് ഒരു കൂട്ടുകാരന്‍ ചോദിച്ചാല്‍ അവരുടേതായ ഭാഷയില്‍ മറുപടി പറയാനുള്ളത് നമ്മുടെ കുട്ടികള്‍ അറിഞ്ഞിരിക്കണം.
തങ്ങളുടെ കുട്ടിക്കാലത്തെ നോമ്പ് എന്തായിരുന്നു, അന്നത്തെ സവിശേഷതയും പ്രയാസങ്ങളുമെന്തായിരുന്നു, ലോകത്ത് പലനിലയില്‍ പ്രയാസപ്പെടുന്ന വിശ്വാസികളുടെ നോമ്പ് എത്ര ബുദ്ധിമുട്ടേറിയതാണ്, ദീനിനായി പ്രബോധനത്തില്‍ മുഴുകിയ സ്വഹാബികള്‍ നോമ്പുനോറ്റ് യുദ്ധവും ദീര്‍ഘയാത്രയും ചെയ്തത് എന്നിവ രക്ഷിതാക്കള്‍ പങ്കുവയ്ക്കുന്നത് കുരുന്നുകളില്‍ റമദാന്‍ ചിന്ത വികസിപ്പിക്കും. കുട്ടികളോട് ഏറ്റവും അടുത്തിടപഴകുന്ന ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഉപ്പയ്ക്കുമെല്ലാം ഇക്കാര്യങ്ങള്‍ ഉണര്‍ത്താം. മദ്‌റസയില്‍ പഠിച്ചിട്ടുണ്ടാവുമെന്ന് കരുതി നമ്മള്‍ മിണ്ടാതിരിക്കരുത്. മദ്‌റസയില്‍ നിന്നുപഠിച്ച കാര്യങ്ങളാണെകില്‍ പോലും സന്ദര്‍ഭോചിതമായി ഓര്‍മപ്പെടുത്തുന്നത് കൂടുതല്‍ ഉന്മേഷം പകരും.
നോമ്പുനോറ്റല്‍ കുട്ടികള്‍ക്ക് പ്രത്യേകം സമ്മാനം നല്‍കണം. പൂര്‍ണമായി നോറ്റാല്‍ ഇന്നാലിന്ന സമ്മാനം, 25, 20, 15, 10 എന്നിങ്ങനെ പൂര്‍ത്തിയാക്കുന്ന എണ്ണത്തിനനുസരിച്ച് കഴിയുംവിധം മൂല്യമുള്ള സമ്മാനങ്ങള്‍ നല്‍കണം. ഒന്നിലധികം കുട്ടികളുള്ളപ്പോള്‍ മല്‍സരമായും പ്രോല്‍സാഹിപ്പിക്കാം. ആദ്യമായി നോമ്പുനോറ്റു തുടങ്ങുന്ന കുട്ടികള്‍ ഉച്ചവരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് അരനോമ്പ് നോറ്റു എന്ന് നമ്മുടെ നാടുകളില്‍ പറയാറുണ്ടല്ലോ. യഥാര്‍ഥത്തില്‍ അങ്ങനെ ഒന്നില്ലെങ്കിലും ശീലിച്ചു തുടങ്ങാനുള്ള രീതിയെന്ന നിലയില്‍ ചെറുപ്രായത്തില്‍ ഇതുനല്ലതാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിലും കൃത്യമായി നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിലും ഇത്തരം സമ്മാനങ്ങളാവാം. കുട്ടികള്‍ ശേഖരിച്ചുവച്ച നാണയത്തുട്ടുകളില്‍ നിന്ന് ചെറിയൊരംശം പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ പ്രേരിപ്പിച്ച് അവരില്‍ ദാനധര്‍മം ശീലിപ്പിക്കാനും സാധിക്കും. മൊബൈല്‍ ഫോണ്‍, മറ്റു വിനോദങ്ങള്‍ എന്നിവയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളെ സ്‌നേഹപൂര്‍വം ഈ മാസത്തിന്റെ പവിത്രത ബോധ്യപ്പെടുത്തി ഖുര്‍ആന്‍ പാരായണം അടക്കമുള്ള നല്ല കാര്യങ്ങളിലേക്ക് തിരിക്കണം.
റമദാനിന് മുന്നോടിയായി വീട് വൃത്തിയാക്കുന്നതിലും സാധനങ്ങള്‍ ഒരുക്കുന്നതിലും കുട്ടികളെക്കൂടി കൂട്ടണം. എല്ലാം കൊണ്ടും ഒരുങ്ങേണ്ട കാലമാണിതെന്ന് ബോധ്യപ്പെടുത്താന്‍ ഇത് നല്ലതാണ്. നോമ്പ് തുറപ്പിക്കുന്നതിന്റെ പുണ്യം വിശദീകരിച്ചു നല്‍കാനും വീട്ടിലെ നോമ്പുതുറകളില്‍ അവരെ സജീവമാക്കാനും ശ്രദ്ധിക്കണം. വീട്ടില്‍ എല്ലാവരും കാണുന്നിടത്ത് റമദാന്‍ കൗണ്ട്ഡൗണ്‍ രേഖപ്പെടുത്തിവയ്ക്കാം. ഓരോ ദിവസം കഴിയുന്തോറും റമദാന്‍ അടുത്തുവെന്നും ഒരുങ്ങാനായെന്നും കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇതുകൊണ്ടാവും. റമദനിലെ ഉറക്കത്തിനും ഉണര്‍ച്ചയ്ക്കും മറ്റുകാര്യങ്ങള്‍ക്കും പ്രത്യേക ടൈം ടേബിളും കുട്ടികള്‍ക്കായി തയ്യാറാക്കാം. നോമ്പും നോമ്പിലെ സവിശേഷ കര്‍മങ്ങളും മുതിര്‍ന്നവര്‍ക്കുള്ളതാണ് എന്ന നിലയില്‍ ശാരീരിക ക്ഷമതയെത്തിയ കുട്ടികളെപ്പോലും ഒന്നിലും പങ്കെടുപ്പിക്കാതെ മാറ്റിനിര്‍ത്തുന്നത് അത്ര നന്നല്ല. ക്രമേണ അതവരെ മടിയരാക്കും. എല്ലാത്തിലുമുപരി കുട്ടികളെ റമദാനില്‍ സജീവമാവാനുള്ള വഴി രക്ഷിതാക്കള്‍ മാതൃകായോഗ്യരാവുകയെന്നതാണ്. കുട്ടികള്‍ മുതിര്‍ന്നവരെ കണ്ടാണല്ലോ വളരുക. അതുകൊണ്ടുതന്നെ നന്മ ചെയ്തും തിന്മകളില്‍ നിന്ന് മാറിനിന്നും നമുക്കവരെ ഈ വ്രതകാലത്ത് നല്ല മനുഷ്യരാവാന്‍ ശീലിപ്പിക്കാം.
Full View