കൊവിഡ് ഭീതി മുതലെടുത്ത് ലാഭം കൊയ്യാന്‍ നീക്കം; ബാബാ രാംദേവിന്റെ പതഞ്ജലിയ്ക്ക് 10 ലക്ഷം രൂപ പിഴ

ചെന്നൈ ആസ്ഥാനമായുള്ള അരുദ്ര എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദത്തിന് കനത്ത തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധിയുണ്ടായത്.

Update: 2020-08-10 10:40 GMT

ന്യൂഡല്‍ഹി: കൊറോണ ഭീതി മുതലാക്കി കൊള്ള ലാഭം കൊയ്യാന്‍ 'കൊറോണില്‍' എന്ന പേരില്‍ ഉത്പന്നം പുറത്തിറക്കിയ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ കമ്പനിക്ക് മദ്രാസ് ഹൈക്കോടതി 10 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു. കൊവിഡ്19 നെതിരായ ബൂസ്റ്റര്‍ ടാബ്ലറ്റ് എന്ന വിശേഷണവുമായി 'കൊറോണില്‍' ഇറക്കുന്നതില്‍ നിന്ന് പതഞ്ജലിയെ വിലക്കി നേരത്തെ പുറപ്പെടുവിച്ച ഇന്‍ജംക്ഷന്‍ ഉത്തരവ് നീക്കാനും കോടതി വിസമ്മതിച്ചു.

ചെന്നൈ ആസ്ഥാനമായുള്ള അരുദ്ര എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജിയിലാണ് യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദത്തിന് കനത്ത തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധിയുണ്ടായത്. 5 ലക്ഷം രൂപ വീതം അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനും ഗവണ്‍മെന്റ് യോഗ ആന്‍ഡ് നാച്ചുറോപ്പതി മെഡിക്കല്‍ കോളജിനും പതഞ്ജലി നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്.

ട്രേഡ് മാര്‍ക്ക് നിയമപ്രകാരം ചെന്നൈ ആസ്ഥാനമായുള്ള അരുദ്ര എഞ്ചിനീയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 1993ല്‍ 'കൊറോണിന്‍ 92 ബി' എന്ന പേരില്‍ ഒരു ആസിഡ് ഇന്‍ഹിബിറ്റര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പതഞ്ജലി അതിന്റെ ഇമ്മ്യൂണിറ്റി ബൂസ്റ്ററിന് ഈ പേര് സ്വീകരിച്ചതായി കമ്പനി ഹരജിയില്‍ ചൂണ്ടിക്കാട്ടി. 2027 വരെ ഈ ട്രേഡ് മാര്‍ക്കില്‍ അരുദ്രയ്ക്ക് നിയമപ്രകാരം അവകാശമുണ്ട്.

കേന്ദ്രം ഇടപെടുന്നതുവരെ കൊവിഡിനെതിരെയുള്ള മരുന്ന് എന്ന വാദമാണ് കമ്പനി മുന്നോട്ടുവച്ചതെന്നു കോടതി നിരീക്ഷിച്ചു. കൊറോണ വൈറസിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്കിടയിലെ ഭയവും പരിഭ്രാന്തിയും മുതലെടുത്ത് അവര്‍ കൂടുതല്‍ ലാഭം നേടാനാണ് ശ്രമിച്ചതെന്നു കോടതി കുറ്റപ്പെടുത്തി. കൊറോണില്‍ ടാബ്ലെറ്റ് യഥാര്‍ത്ഥത്തില്‍ ചുമ, ജലദോഷം, പനി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നാണെന്നു ജസ്റ്റിസ് കാര്‍ത്തികേയന്‍ പറഞ്ഞു.

'കൊറോണില്‍' ടാബ്ലെറ്റ് വിതരണം ചെയ്തതിന് പതഞ്ജലിക്കും മേല്‍നോട്ടം വഹിച്ചതിന് ദിവ്യ മന്ദിര്‍ യോഗയ്ക്കും കോടതി പിഴ വിധിച്ചു. ട്രേഡ്മാര്‍ക്ക് രജിസ്ട്രി ഉപയോഗിച്ച് നടത്താവുന്ന ലളിത പരിശോധനയില്‍ 'കൊറോണില്‍' നിലവിലുള്ള ട്രേഡ് മാര്‍ക്കാണെന്ന് കണ്ടെത്താമെന്നിരിക്കെ ആ പേര് കമ്പനി ഉപയോഗിച്ചു. ഇത് ദയാപൂര്‍വമായ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്നു ജസ്റ്റിസ് കാര്‍ത്തികേയന്‍ പറഞ്ഞു.

Tags:    

Similar News