പോലിസ് ഉന്നതരുടെ ബലാല്‍സംഗം: യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി
തിരുവനന്തപുരം: പോലിസിലെ ഉന്നതരായ മൂന്നുപേര്‍ ബലാല്‍സംഗം ചെയ്‌തെന്നു കാണിച്ച് യുവതി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലിസ് മേധാവിക്കും പരാതി നല്‍കി. മലപ്പുറം മുന്‍ എസ്പിയും ഇപ്പോള്‍ സസ്‌പെന്‍ഷനിലുമായ സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി. സ്വകാര്യ ചാനലില്‍നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതി നല്‍കിയത്. ക്രൂരമായ ബലാല്‍സംഗത്തിനാണ് താന്‍ ഇരയായതെന്ന് യുവതിയുടെ പരാതിയിലുണ്ട്. പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥന് വഴങ്ങാന്‍ ആവശ്യപ്പെട്ടു. അവഗണിച്ച് ഇറങ്ങിയപ്പോള്‍ എസ്പിയുടെ സുഹൃത്ത് കടന്നുപിടിക്കാന്‍ ശ്രമിച്ചു. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവര്‍ കൊല്ലുമെന്ന് പേടിച്ചാണ് ജീവിച്ചത്. ഇനിയൊരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാവരുത്. മൂന്ന് പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. 2022ല്‍ മലപ്പുറത്താണ് ഞെട്ടിക്കുന്ന കൊടുംക്രൂരത അരങ്ങേറിയത്. വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പോലിസിനെ സമീപിച്ചപ്പോഴാണ് സംഭവം. പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് തനിക്ക് നീതി ലഭിക്കണമെന്നും യുവതി പറഞ്ഞു. പാവങ്ങളെന്നു കരുതി ഇനി ആരെയും ഇങ്ങനെ ചെയ്യരുത്. അവര്‍ തന്നെ ഒന്നിനും പറ്റാത്തതു പോലെ ആക്കിയെന്നും യുവതി വ്യക്തമാക്കി.