ലൈംഗീക പീഡനക്കേസ്: വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി

ചൊവ്വാഴ്ച വരെയാണ് വിജയ് ബാബുവിനെ അറസ്റ്റു ചെയ്യുന്നത് കോടതി വിലക്കിയിരിക്കുന്നത്.വിജയ് ബാബുവിനെ ഇന്നലെ എട്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.ഇന്ന് രാവിലെ മുതല്‍ വീണ്ടും ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു

Update: 2022-06-02 08:54 GMT

കൊച്ചി: ലൈംഗീകമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്ത നടനും നിര്‍മ്മാതാവുമയ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് ചൊവ്വാഴ്ചവരെ ഹൈക്കോടതി നീട്ടി.പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ വിജയ് ബാബു ശ്രമിക്കരുത്,അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്. വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി.കേസില്‍ വിജയ് ബാബുവിനെ പോലിസ് ചോദ്യം ചെയ്യുകയാണ്.

നേരത്തെ വിജയ് ബാബുവിനെ ഇന്ന് വരെ അറസ്റ്റു ചെയ്യുന്നത് വിലക്കിയിരുന്നു.തുടര്‍ന്ന് ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലിസ് ചോദ്യം ചെയ്തുവരികയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് ചൊവ്വാഴ്ച വരെ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യുന്നത് കോടതി വിലക്കിയത്.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യുവ നടിയുടെ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തതിന് പിന്നാലെ ഏപ്രില്‍ 24ന് വിദേശത്തേക്ക് കടന്ന് ഒളിവില്‍ കഴിഞ്ഞ വിജയ് ബാബു ഒരു മാസത്തിനു ശേഷം കോടതി ഇടപെടലിനെ തുടര്‍ന്ന് ഇന്നലെയാണ് തിരിച്ചെത്തിയത്.ഇതിനു ശേഷം ഇന്നലെ തന്നെ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു.തുടര്‍ന്ന് എട്ടര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ഇന്ന് വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് വിട്ടയിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും ഹാജരായ വിജയ് ബാബുവിനെ പോലിസ് ചോദ്യം ചെയ്തുവരികയാണ്.

Tags:    

Similar News