തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത് തടഞ്ഞു സുപ്രിം കോടതി
ലോക് ഡൗണിന് മുമ്പ് തന്നെ സാമ്പത്തിക പ്രതിസന്ധി നേരിട്ടവര്‍ ലോക് ഡൗണ്‍കാലത്ത് കൂടുതല്‍ പ്രതിസന്ധിയിലായില്ലേ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി ആരാഞ്ഞു. ജീവിതം കൂടുതല്‍ പ്രതിസന്ധിയായവര്‍ക്ക് എന്ത് ആശ്വാസമാണ് നല്‍കാനാവുക എന്ന് കോടതി ആരാഞ്ഞു.
ന്യൂഡല്‍ഹി: തിരിച്ചടവു മുടങ്ങിയതിനെതുടര്‍ന്ന് കഴിഞ്ഞ മാസം 31 വരെ കിട്ടാക്കടമായി പ്രഖ്യാപിച്ചിട്ടില്ലാത്ത വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടണമെന്നും കൂട്ടുപലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് ഉത്തരവ്. മോറട്ടോറിയം കേസില്‍ തുടര്‍വാദം കേള്‍ക്കല്‍ ഈമാസം പത്താം തിയതിയിലേക്ക് മാറ്റിവെച്ചു.
ലോക് ഡൗണിന് മുമ്പ് തന്നെ സാമ്പത്തിക പ്രതിസന്ധി നേരിട്ടവര്‍ ലോക് ഡൗണ്‍കാലത്ത് കൂടുതല്‍ പ്രതിസന്ധിയിലായില്ലേ എന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി ആരാഞ്ഞു. ജീവിതം കൂടുതല്‍ പ്രതിസന്ധിയായവര്‍ക്ക് എന്ത് ആശ്വാസമാണ് നല്‍കാനാവുക എന്ന് കോടതി ആരാഞ്ഞു. മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ എങ്ങനെ വായ്പകള്‍ക്കുമേല്‍ പിഴപലിശ ഈടാക്കാനുമെന്നും മോറട്ടോറിയവും പിഴപലിശയും ഒന്നിച്ചുപോകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടുവെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് ഗുണം കിട്ടുന്നില്ലെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, ബാങ്കുകളുടെ താത്പര്യം കണക്കിലെടുത്താണ്, മൊറട്ടോറിയം കാലത്തു തിരിച്ചടവു നീട്ടുന്ന വായ്പാ ഗഡുവിന് കൂട്ടുപലിശ ഈടാക്കുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ബാങ്കുകള്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വായ്പാ തിരിച്ചടവിന് അടിയന്തര ആശ്വാസം എന്ന നിലയിലാണ് മൊറട്ടോറിയം ക്രമപ്പെടുത്തിയിരിക്കുന്നതെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങളെല്ലാം റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുള്ളതാണെന്നെന്നു ബെഞ്ചിനു നേതൃത്വം നല്‍കിയ അശോക് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍ ദുരന്ത നിവാരണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് സഹായകരമായ നടപടികളെടുക്കാന്‍ ബാങ്കുകളെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. പലിശ നിരക്കു കുറയ്ക്കല്‍, വായ്പാ കാലാവധി ദീര്‍ഘിപ്പിക്കല്‍, പിഴച്ചാര്‍ജ് ഒഴിവാക്കല്‍, മൊറട്ടോറിയം രണ്ടു വര്‍ഷത്തേക്കു വരെ നീട്ടല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ബാങ്കുകള്‍ക്കു തീരുമാനമെടുക്കാം. ഓരോ മേഖലയ്ക്കുമായി പ്രത്യേകമായി തീരുമാനമെടുക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.