തൃശൂര്‍: മഴ ശക്തമായതോടെ ജില്ലയില്‍ വീണ്ടും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയാണ് ജില്ലയില്‍ പ്രവചിച്ചിരിക്കുന്നത്. കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഡാമുകള്‍ തുറക്കാനും തീരുമാനമായി.
പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി ഉടന്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തമിഴ്നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 16050 ക്യുസെക്സ് ആയി ഉയരുകയും വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണിത്. ചാലക്കുടി പുഴയു ജല നിരപ്പ് അപകട നിലയിലേക്ക് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം. 2018ല്‍ ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം.
തമിഴ്നാട്ടിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകളില്‍ നിന്ന് ഇന്ന് രാവിലെ മുതല്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ജലം ഒഴുകിവരികയാണ്. നിലവില്‍ 13000 ക്യുസെക്സ് വെള്ളമാണ് പറമ്പിക്കുളത്തു നിന്നും ഡാമിലേക്ക് എത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകുക കൂടി ചെയ്തതോടെ പൊരിങ്ങല്‍ക്കുത്ത് ഡാമില്‍ നിന്ന് കൂടുതല്‍ ജലം തുറന്നുവിടേണ്ട സാഹചര്യമാണ്.
ഡാം കൂടുതല്‍ തുറക്കുന്നതോടെ ചാലക്കുടി പുഴയില്‍ ഒന്നര മീറ്ററോളം വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. അതോടൊപ്പം വേലിയേറ്റ സമയം ആവുന്ന പക്ഷം കടലിലേക്ക് വെള്ളം ഒഴുകിപ്പോവാതിരിക്കാനുള്ള സാധ്യതയുമുണ്ട്.
ആയതിനാല്‍ പുഴക്കരയില്‍ താമസിക്കുന്നവരെ എത്രയും വേഗം വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. പുഴയിലെ ജലം ഏത് സമയത്തും അപകടകരമായ സ്ഥിതിയിലേക്ക് ഉയരാമെന്ന സാഹചര്യമായതിനാല്‍ പുഴയുടെ ഇരു വശങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശം അനുസരിച്ച് എത്രയും വേഗം മാറിത്താമസിക്കണം. വെള്ളം ഉയര്‍ന്ന് ഒഴിപ്പിക്കല്‍ പ്രയാസകരമാവുന്ന സാഹചര്യം സൃഷ്ടിക്കരുത്. എല്ലാവരും മാറിത്താമസിക്കുന്നുവെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യത. നിലവില്‍ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിന് മുകളിലാണ്. ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ കുറുമാലി പുഴയുടെ തീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.