ബാങ്ക് ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കണം: ചീഫ് സെക്രട്ടറിയോട് മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: ജോലിഭാരം കാരണം ബാങ്കിലെ വനിതാ മാനേജര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ ബാങ്ക് ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കാനും മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനുമായി ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിയുമായി (എസ്എല്‍ബിസി) കൂടിയാലോചിച്ച് ചീഫ് സെക്രട്ടറി മൂന്ന് മാസത്തിനകം പദ്ധതിക്ക് രൂപം നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.
ബാങ്ക് ജീവനക്കാരുടെ സംഘടനകളെ കൂടി വിശ്വാസത്തിലെടുത്തു വേണം ഇത്തരം നടപടികള്‍ ആസൂത്രണം ചെയ്യേണ്ടതെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന വേളയില്‍ മാനേജ്‌മെന്റിന്റെ താത്പര്യങ്ങള്‍ ബലികഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ പ്രയോജന രഹിതമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
മൂന്ന് മാസത്തിനകം ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണം. കാനറാ ബാങ്ക് ജീവനക്കാരി കെ എസ് സ്വപ്‌നയുടെ ആത്മഹത്യക്ക് പിന്നാലെയാണ് ബാങ്ക് ജീവനക്കാര്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദത്തിനെതിരെ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. ചീഫ് സെക്രട്ടറി, കാനറാ ബാങ്ക് എം ഡി, സ്‌റ്റേറ്റ് ബാങ്ക് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി കണ്‍വീനര്‍ എന്നിവരില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി.
കെ എസ് സ്വപ്‌നയുടെ ആത്മഹത്യ ബാങ്കിലെ സമ്മര്‍ദ്ദങ്ങള്‍ കാരണമാണെന്ന ആരോപണം എസ് എല്‍ ബി സി കണ്‍വീനറും കാനറാ ബാങ്ക് ജനറല്‍ മാനേജരും നിഷേധിച്ചു.
ബാങ്ക് ജീവനക്കാരുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്ന കാര്യത്തില്‍ പോലിസിന് ഇടപെടാന്‍ പരിമിതിയുണ്ടെന്ന് വയനാട് ജില്ലാ പോലിസ് മേധാവി കമ്മീഷനെ അറിയിച്ചു.
ജോലിഭാരം ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അടുത്ത എസ്എല്‍ബിസി യോഗത്തില്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് കണവീനര്‍ക്കും പ്ലാനിംഗ് ആന്റ് എക്കണോമിക്‌സ് അഫയേഴ്‌സ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ചിഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ബാങ്ക് ജീവനക്കാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക്
നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. നാമമാത്രമായ ജീവനക്കാരുമായി പ്രവര്‍ത്തിക്കുമ്പോള്‍ ജീവനക്കാര്‍ അനുഭവിക്കുന്ന വിഷമതകള്‍ ആര്‍ക്കും മനസിലാക്കാന്‍ കഴിയുന്നതാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. എളമരം കരീം എം പി, അഡ്വ. ടി.ജെ. ആന്റണി, ഇളങ്കോ യാദവ്,എസ് എന്‍ അനില്‍ എന്നിവരാണ് പരാതി നല്‍കിയത്.