നിപയില്‍ വീണ്ടും ആശ്വാസം; എട്ടു പേരുടെ ഫലം കൂടി നെഗറ്റീവ്

ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍ ഐസൊലേഷനില്‍ തുടരണം പാണ്ടിക്കാടും ആനക്കയത്തും ഭവനസന്ദര്‍ശനം പൂര്‍ത്തീകരിച്ചു

Update: 2024-07-25 15:35 GMT

തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പുറത്തുവന്ന എട്ടു സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെയായി ആകെ 66 സാംപിളുകളാണ് നെഗറ്റീവായത്. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ ആരോഗ്യ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

ഇന്ന് രണ്ടുപേര്‍ അഡ്മിറ്റായിട്ടുണ്ട്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാള്‍ മഞ്ചേരിയിലും. ആകെ എട്ടു പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ അഡ്മിറ്റായി ചികില്‍സ തുടരുന്നത്. ആശുപത്രികളില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍ നിര്‍ബന്ധമായും ഐസൊലേഷനില്‍ തുടരണം. കോണ്‍ടാക്‌സ് ദിവസം മുതല്‍ തുടര്‍ച്ചയായ 21 ദിവസമാണ് ഐസൊലേഷന്‍. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിക്കുന്നത് തുടരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആണ്. ഇതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

പാണ്ടിക്കാട്, ആനക്കയം ഗ്രാമപ്പഞ്ചായത്തുകളില്‍ പനി സര്‍വേയുടെ ഭാഗമായുള്ള ഭവനസന്ദര്‍ശനം ഇന്നത്തോടെ പൂര്‍ത്തീകരിച്ചു. ആനക്കയത്ത് 1303 വീടുകളിലും പാണ്ടിക്കാട് 174 വീടുകളിലും ആയി ആകെ 1477 വീടുകളിലാണ് ഇന്ന് പനി സര്‍വെ നടത്തിയത്. ഇതില്‍ പാണ്ടിക്കാട് 23 പനി കേസുകളും ആനക്കയത്ത് 22 പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇവരാരും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരല്ല. ആകെ 27908 വീടുകളിലാണ് ഇതുവരെ സര്‍വേ നടത്തിയത്. 227 പേര്‍ക്ക് ഇന്ന് മാനസിക പിന്തുണക്കായി കൗണ്‍സലിങ് നല്‍കിയിട്ടുണ്ട്.

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ-സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചിട്ടുണ്ട്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാന്‍ ഇതിലൂടെ സാധിക്കും. 14 പേര്‍ ഇന്ന് ഈ സേവനം ഉപയോഗപ്പെടുത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്, ജില്ലാ പോലിസ് മേധാവി എസ് ശശിധരന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക പങ്കെടുത്തു.

Tags:    

Similar News