സുപ്രിംകോടതിക്കെതിരായ പരാമര്‍ശം; ഉവൈസിക്കെതിരായ നടപടി അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Update: 2023-03-26 08:07 GMT

അലഹബാദ്: സുപ്രിംകോടതിക്കെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ് ലിമീന്‍ അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഉവൈസിക്കെതിരായ നടപടികള്‍ അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്ത്. കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ഏപ്രില്‍ 24 വരെ സ്വീകരിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് രാജീവ് ഗുപ്തയുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ബാബരി മസ്ജിദ് വിഷയത്തില്‍ 2019ലെ സുപ്രിംകോടതിയുടെ വിധിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ഉവൈസിക്കെതിരേ കേസെടുത്തത്. സുപ്രിംകോടതി പരമോന്നത കോടതിയാണെന്നും ആണെന്നും എന്നാല്‍ ഒരിക്കലും തെറ്റുപറ്റാത്ത ഒരു സംവിധാനമാണെന്ന് പറയാനാവില്ലെന്നുമായിരുന്നു ഉവൈസിയുടെ പരാമര്‍ശം. കേസില്‍ ഉവൈസിയെ വിളിച്ചുവരുത്താനുള്ള സിദ്ധാര്‍ഥ് നഗര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരേയാണ് ഉവൈസി ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ പരാതിക്കാരന് നോട്ടീസയച്ച കോടതി, കേസ് ഏപ്രില്‍ 24ന് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. രാകേഷ് പ്രതാപ് സിങ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഉവൈസിക്കെതിരേ കേസെടുത്തത്. ഐ.പി.സി 153എ, 295എ, 298 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സിദ്ധാര്‍ഥ് നഗറിലെ ഷൊഹ്‌രത്ഗര്‍ഗ് പോലീസ് ഉവൈസിക്കെതിരേ കേസെടുത്തിരുന്നത്.

Tags:    

Similar News