ഹിജാബ് ധരിച്ച സ്ത്രീക്ക് പ്രവേശനം നിഷേധിച്ചു; ബഹ്‌റെയ്‌നില്‍ ഇന്ത്യന്‍ റസ്റ്റോറന്റ് പൂട്ടിച്ചു
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് റസ്‌റ്റോറന്റ് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ ക്ഷമാപണം നടത്തി. ഡ്യൂട്ടി മാനേജരെ സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഡ്യൂട്ടി മാനേജര്‍ ഇന്ത്യക്കാരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മനാമ: ഹിജാബ് ധരിച്ച സ്ത്രീക്ക് പ്രവേശനം നിഷേധിച്ചതിനെതുടര്‍ന്ന് ഇസ്‌ലാമിക രാജ്യമായ ബഹ്‌റെയ്‌നിലെ അദ്‌ലിയയിലെ ഒരു ഇന്ത്യന്‍ റെസ്‌റ്റോറന്റ് അധികൃതര്‍ ഇടപെട്ട് അടച്ചൂപൂട്ടിച്ചതായി ഗള്‍ഫ് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് റസ്‌റ്റോറന്റ് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ ക്ഷമാപണം നടത്തി. ഡ്യൂട്ടി മാനേജരെ സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഡ്യൂട്ടി മാനേജര്‍ ഇന്ത്യക്കാരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പര്‍ദ്ദ ധരിച്ച സ്ത്രീയെ റസ്‌റ്റോറന്റ് ജീവനക്കാരന്‍ തടയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് ബഹ്‌റെയ്ന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റെയ്ന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റി അന്വേഷണം ആരംഭിക്കുകയും രാജ്യത്തിന്റെ നിയമങ്ങള്‍ ലംഘിക്കുന്ന നയങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ടൂറിസം ഔട്ട്‌ലെറ്റുകളോടും ആവശ്യപ്പെടുകയും ചെയ്തു.
'ആളുകളോട് വിവേചനം കാണിക്കുന്ന എല്ലാ നടപടികളും തങ്ങള്‍ നിരസിക്കുന്നു, പ്രത്യേകിച്ച് അവരുടെ ദേശീയ വ്യക്തിത്വവുമായി ബന്ധപ്പെട്ട്' അധികൃതര്‍ വ്യക്തമാക്കി.
കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് തര്‍ക്കത്തിനിടയിലാണ് സംഭവം ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവെക്കുകയും ഇസ്‌ലാമിക ആചാരത്തിന് ഹിജാബ് അനിവാര്യമല്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.