റിയാസ് മൗലവി വധക്കേസ് വിധി: പൊട്ടിക്കരഞ്ഞ് ഭാര്യ; അപ്പീല്‍ പോവുമെന്ന് ആക്ഷന്‍ കമ്മിറ്റി
കാസര്‍കോട്: ചൂരി റിയാസ് മൗലവി കൊലക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികളെയും വെറുതെവിട്ട കോടതി വിധികേട്ട് പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ സെയ്ദ. പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഇപ്പോള്‍ ഒന്നും പറയാന്‍ കിട്ടുന്നില്ലെന്നും പറഞ്ഞ് സെയ്ദ മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു. കേസില്‍ വിധി കേള്‍ക്കാന്‍ കുഞ്ഞിനൊപ്പമാണ് റിയാസ് മൗലവിയുടെ ഭാര്യ എത്തിയത്. കോടതി വിധി ഞങ്ങളെയും ഞെട്ടിച്ചിരിക്കുകയാണെന്ന് റിയാസ് മൗലവിയുടെ ബന്ധുക്കള്‍ പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ലഭിച്ചില്ല. അതിനാല്‍ വളരെ ദുഃഖമുണ്ടെന്ന് സഹോദരന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ടവര്‍ താനുമായോ പിതാവുമായോ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിധിയില്‍ വേദനയുണ്ടെന്നും കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്നതില്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്നും ആക്ഷന്‍ കമ്മിറ്റി പറഞ്ഞു.