തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട കവര്‍ച്ചക്കേസ് പ്രതി ഷൊര്‍ണൂരില്‍ പിടിയില്‍

Update: 2020-01-29 09:43 GMT

ചെറുതുരുത്തി: ജയില്‍ മാറ്റുന്നതിനിടെ തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട കവര്‍ച്ചക്കേസ് പ്രതി പോലിസിന്റെ പിടിയില്‍. മാതൃഭൂമി കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊള്ളയടിച്ചത് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയായ ബംഗ്ലാദേശ് സ്വദേശി മണിക് സര്‍ദാറിനെയാണ് ഷൊര്‍ണൂരിനടുത്തുള്ള നമ്പ്രത്ത് നിന്ന് പോലിസ് പിടികൂടിയത്. കഴിഞ്ഞദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് ഇയാള്‍ തീവണ്ടിയില്‍നിന്ന് കൈവിലങ്ങുകളുമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45ഓടെയായിരുന്നു സംഭവം. നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന ഏറനാട് എക്‌സ്പ്രസില്‍നിന്ന് മൂന്ന് അകമ്പടി പോലിസുകാരുടെ കണ്ണുവെട്ടിച്ച് പുറത്തേക്ക് ചാടുകയായിരുന്നു. പൈങ്കുളം റെയില്‍വേ ഗേറ്റിനും കലാമണ്ഡലം റെയില്‍വേ മേല്‍പ്പാലത്തിനും ഇടയിലുള്ള ഭാഗത്ത് തീവണ്ടി വേഗം കുറച്ചപ്പോഴായിരുന്നു രക്ഷപ്പെടല്‍. രക്ഷപ്പെട്ട് ഓടുന്നതിനിടെ പ്രതിയുടെ മുണ്ട് നഷ്ടപ്പെട്ടിരുന്നു. ബനിയനും ട്രൗസറും മാത്രം ധരിച്ച ഒരാള്‍ ഓടിപ്പോവുന്നത് കണ്ടതായി നാട്ടുകാര്‍ പോലിസിനെ അറിയിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മണിക് അറസ്റ്റിലായത്.

    ഇയാള്‍ ഉള്‍പ്പെട്ട സംഘം തൃപ്പൂണിത്തുറയിലും വീട് കവര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജയിലില്‍ പാര്‍പ്പിച്ചപ്പോള്‍ സഹതടവുകാരുടെ മര്‍ദനമേറ്റിരുന്നു. ഇതേത്തുടര്‍ന്നാണ് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റാനായി ചൊവ്വാഴ്ച രാവിലെ കൊണ്ടുപോയത്. എറണാകുളത്ത് നോര്‍ത്ത് പോലിസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരേ കവര്‍ച്ചക്കേസുകള്‍ നിലവിലുണ്ട്. 2018 സെപ്റ്റംബര്‍ ആറിനാണ് 'മാതൃഭൂമി' കണ്ണൂര്‍ യൂനിറ്റ് ന്യൂസ് എഡിറ്റര്‍ കെ വിനോദ് ചന്ദ്രനെയും ഭാര്യ സരിത കുമാരിയെയും കെട്ടിയിട്ട് മര്‍ദ്ദിച്ച് ശേഷം വീട് കൊള്ളയടിച്ചത്.




Tags:    

Similar News