ഇറാഖില്‍ യുഎസ് എംബസിക്ക് നേരെ റോക്കറ്റാക്രമണം

മിക്ക മിസൈലുകളും ഒരു പാര്‍പ്പിട സമുച്ചയത്തിലും സുരക്ഷാ ചെക്ക് പോയന്റിലുമാണ് പതിച്ചതെന്നും കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും നാശനഷ്ടമുണ്ടാവുകയും ഒരു ഇറാഖ് സൈനികന് പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Update: 2020-12-21 11:28 GMT

ബഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബഗ്ദാദില്‍ യുഎസ് എംബസിക്ക് നേരെ റോക്കറ്റാക്രമണം. എട്ട് കത്യൂഷ റോക്കറ്റുകളാണ് അതീവസുരക്ഷാ മേഖലയില്‍ സ്ഥിതിചെയ്യുന്ന എംബസി വളപ്പില്‍ പതിച്ചത്. ആക്രമണത്തില്‍ ആളപായമില്ലെന്ന് ഇറാഖി സൈന്യവും എംബസിയും അവകാശപ്പെട്ടു. എന്നാല്‍, ചെറിയ തോതില്‍ നാശനഷ്ടമുണ്ടായതായി അധികൃതര്‍ വ്യക്തമാക്കി.

'നിയമവിരുദ്ധ സംഘം' എട്ടു റോക്കറ്റുകള്‍ പ്രയോഗിച്ചെന്ന് ഇറാഖ് സൈന്യം അറിയിച്ചു. മിക്ക മിസൈലുകളും ഒരു പാര്‍പ്പിട സമുച്ചയത്തിലും സുരക്ഷാ ചെക്ക് പോയന്റിലുമാണ് പതിച്ചതെന്നും കെട്ടിടങ്ങള്‍ക്കും കാറുകള്‍ക്കും നാശനഷ്ടമുണ്ടാവുകയും ഒരു ഇറാഖ് സൈനികന് പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ആക്രമണത്തെതുടര്‍ന്ന് സര്‍ക്കാര്‍ ഓഫിസുകളും വിദേശരാജ്യങ്ങളുടെ എംബസികളും സ്ഥിതിചെയ്യുന്ന ഗ്രീന്‍സോണില്‍നിന്ന് അപായ സൈറനുകള്‍ മുഴങ്ങി. ആക്രമണത്തെ അപലപിച്ച യുഎസ് എംബസി, ഇത്തരം ആക്രമണങ്ങള്‍ തടയുന്നതിനും ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനും ഇറാഖിലെ രാഷ്ട്രീയ, സര്‍ക്കാര്‍ നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയുള്ള സായുധസംഘങ്ങളാണെന്നാണ് കരുതുന്നത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.




Tags:    

Similar News