109 കുഴിംബോംബുകള്‍ കണ്ടെത്തി 'റോണിന്‍'; യുഎസ് കംബോഡിയയില്‍ ഇട്ട ബോംബുകളും നിര്‍വീര്യമാക്കി

പനോംപെന്‍(കംബോഡിയ): എലികളെ കുറിച്ച് മനുഷ്യര്‍ക്ക് പൊതുവില്‍ അത്ര നല്ല അഭിപ്രായമല്ല ഉള്ളത്. എന്നാല്‍, കംബോഡിയയിലെ റോണിന്‍ എന്ന എലിയെ കുറിച്ച് ലോകത്തിന് നല്ല അഭിപ്രായമാണ്. അടുത്തിടെ റോണിന്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും കയറിപ്പറ്റി. 2021 ആഗസ്റ്റ് മുതല്‍ 2025 ഫെബ്രുവരി വരെ കംബോഡിയയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 109 കുഴിബോംബുകളും 15 മറ്റു സ്‌ഫോടകവസ്തുക്കളുമാണ് റോണിന്‍ മണത്തു കണ്ടുപിടിച്ചത്. ഇത് വലിയ നേട്ടമാണെന്ന് റോണിന്റെ ഹാന്‍ഡ്‌ലര്‍ ആയ ഫാനി പറഞ്ഞു.


ശത്രുക്കളുടെ മുന്നേറ്റം തടയാന്‍ കുഴിബോംബുകള്‍ സ്ഥാപിക്കുന്നത് ഒരു യുദ്ധരീതിയാണ്. എന്നാല്‍, യുദ്ധം കഴിഞ്ഞാലും ഈ ബോംബുകള്‍ അവിടെ തുടരും. ഇത്തരം കുഴിബോംബുകള്‍ മൂലമുണ്ടായ സ്‌ഫോടനങ്ങളില്‍ 1979 മുതല്‍ 65,000 പേരാണ് കംബോഡിയയില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. അതിനാലാണ് കുഴി ബോംബുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ബെല്‍ജിയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എപിഒപിഒ എന്ന സംഘടനയില്‍ നിന്നാണ് റോണിനെ വാങ്ങിയത്. സ്‌ഫോടക വസ്തുക്കളുടെ ഗന്ധം അറിയാന്‍ ശേഷിയുള്ള മൂക്കുകളാണ് റോണിന്‍ അടക്കമുള്ള സഞ്ചി എലികള്‍ക്കുള്ളത്. തൂക്കം കുറവായതിനാല്‍ കുഴിബോംബിന് മുകളില്‍ കയറിയാല്‍ സ്‌ഫോടനവുമുണ്ടാവില്ല. ടാന്‍സാനിയയില്‍ ജനിച്ച റോണിന് ഇപ്പോള്‍ അഞ്ചുവയസുണ്ട്. രണ്ട് അടി നീളവും 1.17 കിലോഗ്രാം തൂക്കവുമുണ്ട്. കമ്പോഡിയയിലെ പ്രീഹ് വിഹിയാര്‍ പ്രദേശത്താണ് പ്രധാനമായും റോണിനെ ഉപയോഗിക്കുന്നത്. യുഎസ് അധിനിവേശം നടത്തിയ കാലത്ത് കംബോഡിയന്‍ ഗറില്ലകള്‍ പ്രദേശത്ത് വ്യാപകമായി കുഴിബോംബുകള്‍ സ്ഥാപിച്ചിരുന്നു. ക്ലസ്റ്റര്‍ ബോംബുകള്‍ അടക്കം 27 ലക്ഷം ടണ്‍ ബോംബാണ് യുഎസ് ഇവിടെയിട്ടത്. ഇതില്‍ പൊട്ടാതെ കിടന്ന 15 ബോംബുകളും റോണിന്‍ കണ്ടെത്തിയിട്ടുണ്ട്.