15000 രൂപ നല്‍കാനായില്ല; യുപിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹം വിട്ടുകൊടുത്തത് രണ്ട് മാസത്തിന് ശേഷം
ന്യൂഡല്‍ഹി: 15000 രൂപ നല്‍കാനാവാത്തതിനെ തുടര്‍ന്ന് കൊവിഡ് ബാധിച്ച് മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹം വിട്ടുകൊടുക്കാതെ യുപിയിലെ സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍. ബിഹാര്‍ സ്വദേശിനിയായ ഗുഡിയയാണ് തനിക്ക് നേരിട്ട ദുരനുഭവം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.
ഏപ്രില്‍ 15നാണ് തന്റെ ഭര്‍ത്താവ് യുപി മീററ്റിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മൃതദേഹം വിട്ടുകിട്ടാന്‍ ഡോക്ടര്‍ 15,000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍, തന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ലെന്നും നാട്ടിലേക്ക് തിരിച്ചുപോയി പണം സംഘടിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതി കരഞ്ഞ് കൊണ്ട് പറഞ്ഞു. എന്നാല്‍, ദരിദ്ര കുടുംബത്തിലെ യുവതിക്ക് പണം സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ഹാപൂരിലെ പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെടുകയായിരുന്നു. ഇവരുടെ സഹായത്തോടെ ആശുപത്രി അധികൃതരെ ബന്ധപ്പെട്ട് മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കുകയായിരുന്നു. ഇന്ന് രാവിലേയാണ് മൃതദേഹം വിട്ടുകിട്ടിയതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പിയൂഷ് രാജ് പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.