പി ജയരാജനെ വീണ്ടും ഒതുക്കിയത് ആര്‍എസ്എസ് ഡീലിന്റെ ഭാഗമെന്ന സംശയം ബലപ്പെടുന്നു
പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശിക്കുകയും നിലവിലുള്ള സംസ്ഥാന നേതൃത്വത്തില്‍ നിന്ന് അകന്നതും മുഖ്യമായും ആര്‍എസ്എസിനെതിരേ ആക്രമണോല്‍സുകമായി നിലകൊണ്ടു എന്നതും തന്നെയാണ് ജയരാജന് തിരിച്ചടിയായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കണ്ണൂര്‍: സിപിഎമ്മിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കേരള സംസ്ഥാന സമ്മേളനം സമാപിച്ചപ്പോള്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. കോടിയേരി ബാലകൃഷ്ണന്‍ തന്നെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കണ്ണൂരില്‍ നിന്നുള്ള പി ജയരാജനെ ഒതുക്കിയത് നേരത്തേ ആക്ഷേപമുയര്‍ന്ന സിപിഎം-ആര്‍എസ്എസ് ഡീലിന്റെ ഭാഗമാണെന്ന സംശയം ബലപ്പെടുകയാണ്.
സീനിയോറിറ്റി ഉണ്ടായിട്ടും ഇത്തവണയും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതെ പി ജയരാജനെ തഴയുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്. സമ്മേളനവേദിക്കരികില്‍ മറ്റൊരു നേതാക്കള്‍ക്കും ലഭിക്കാത്തയത്ര ആദരവ് അണികളില്‍ നിന്ന് ലഭിച്ചത് പി ജയരാജന് ആണെന്നും അണികള്‍ സാക്ഷ്യപ്പെടുത്തുന്നു.
നേരത്തേ, വ്യക്തിപൂജയുടെ പേരില്‍ നടപടി എടുത്തപ്പോഴും തിരഞ്ഞെടുപ്പ് രംഗത്തു നിന്നും മാറ്റിനിര്‍ത്തിയപ്പോഴും പാര്‍ട്ടിക്ക് വിധേയനായി നിന്ന പി ജെ, ഇനിയും പാര്‍ട്ടി തീരുമാനം പൂര്‍ണമായും ഉള്‍ക്കൊണ്ടായിരിക്കും രാഷ്ട്രീയം തുടരുക. ഈയിടെയാണ് പി ജയരാജനെ സംസ്ഥാന സര്‍ക്കാര്‍ ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാനാക്കിയത്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശിക്കുകയും നിലവിലുള്ള സംസ്ഥാന നേതൃത്വത്തില്‍ നിന്ന് അകന്നതും മുഖ്യമായും ആര്‍എസ്എസിനെതിരേ ആക്രമണോല്‍സുകമായി നിലകൊണ്ടു എന്നതും തന്നെയാണ് ജയരാജന് തിരിച്ചടിയായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം ഇല്ലാതാക്കാന്‍ ആര്‍എസ്എസ് സഹയാത്രികമനയാ യോഗഗുരു ശ്രീ എമ്മുമായി നടത്തിയ ചര്‍ച്ചകള്‍ നേരത്തേ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയത് ഉള്‍പ്പെടെ ജയരാജനെ വെട്ടിനിരത്തുന്ന ശൈലിയാണ് പിന്നീട് കണ്ടത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള വിലക്ക് എന്നതും കൂട്ടിവായിക്കാവുന്നതാണ്.
കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായി പി ജയരാജന്‍ മാറുന്നതില്‍ കാരണമായി വര്‍ത്തിച്ചത് അദ്ദേഹം നേടിയെടുത്ത അനുഭവങ്ങളും അഴിമതി വിമുക്തമായ പ്രവര്‍ത്തനവുമായിരുന്നു. ഇന്നത്തെ പല നേതാക്കളും അഴിമതി ആരോപണങ്ങള്‍ നേരിടുമ്പോഴും അദ്ദേഹം അതുവഴി നടന്നില്ല എന്നത് അണികള്‍ക്കിടയിലും മതിപ്പുണ്ടാക്കി. 23 കൊല്ലം മുമ്പ് തിരുവോണ നാളില്‍ ആര്‍എസ്എസുകാരാല്‍ വെട്ടി നുറുക്കപ്പെട്ട ജയരാജന്‍ മടങ്ങി വന്നത് അത്ഭുതമായിരുന്നു. കിഴക്കേ കതിരൂരുകാരനായ ജയരാജന്റെ മനോധൈര്യം ഇന്നും കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ ഏറ്റുപാടാറുണ്ട്. 1998ല്‍ സംസ്ഥാന കമ്മിറ്റിയിലെത്തിയ അദ്ദേഹം 24 വര്‍ഷത്തിനിപ്പുറവും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചില്ലെന്നത് ശ്രദ്ധേയമാണ്.
മൂന്ന് തവണ എംഎല്‍എയായിരുന്ന പി ജെ, 2010 മുതല്‍ ഒമ്പത് കൊല്ലമാണ് കണ്ണൂരിലെ പാര്‍ട്ടിയെ നയിച്ചത്. സിപിഎമ്മിന് എതിരേ ആര്‍എസ്എസ് ആക്രമണങ്ങള്‍ ശക്തിയാര്‍ജിച്ചിരുന്ന കാലത്ത്, ആര്‍എസ്എസ് ആക്രമണത്തിന് ഇരയാകുന്നത് ഏത് രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നെങ്കിലും പി ജെ അവിടെ ഓടിയെത്തുമായിരുന്നു. അതുകൊണ്ട് തന്നെ, ആര്‍എസ്എസിനെതിരായ പ്രതിരോധത്തിന്റെ പേരില്‍ അക്രമ രാഷ്ട്രീയത്തിന്റ അപ്പോസ്തലനെന്ന പഴിയും ജയരാജന് ലഭിച്ചു. 2012 ല്‍ തന്റെ വാഹനത്തിന് കല്ലെറിഞ്ഞതിന് അരിയില്‍ ഷുക്കൂറെന്ന എംഎസ്എഫ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയെന്ന കേസിലും തന്നെ വധിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജിനെ പ്രതികാരക്കൊല ചെയ്‌തെന്ന കേസിലും സിബിഐയും ജയരാജനെ അറസ്റ്റ് ചെയ്തപ്പോള്‍ പി ജയരാജന്‍ എന്ന ഒറ്റപ്പേരില്‍ കണ്ണൂര്‍ കലങ്ങിമറിഞ്ഞു.
വിഭാഗീയത കൊടികുത്തി വാണ അന്നത്തെ പാര്‍ട്ടിയില്‍ വിഎസ് അനുകൂലികളെ വെട്ടിനിരത്താന്‍ പിണറായിയുടെ പിന്നില്‍ കണ്ണൂര്‍ ലോബിയുടെ കുന്തമുനയായിരുന്നു പി ജെ. ബിംബം ചുമക്കുന്ന കഴുതയെന്ന് വരെ വിഎസിനെ ഒരു കാലത്ത് പി.ജയരാജന്‍ ആക്ഷേപിച്ചു. 2016ല്‍ ഇടതുപക്ഷം അധികാരത്തിലെത്തിയതോടെ ജയരാജന്‍ പിണറായിയുമായി അകന്നുതുടങ്ങിയത്. പി ജെയെ മല്‍സരിപ്പിക്കാത്തതിലും മന്ത്രിയാക്കാത്തതിലും അനുകൂലികള്‍ ഒച്ചപ്പാടുണ്ടാക്കി.
സ്വത്ത് വാരിക്കൂട്ടിയില്ല, അടിയുറച്ച കമ്യൂണിസ്റ്റ് ജീവിതം. ആര്‍എസ്എസിനെ പ്രതിരോധിക്കുന്നതിന് മുന്നില്‍. അണികള്‍ക്ക് നാള്‍ക്കുനാള്‍ മുറിവേറ്റ ജയരാജനോട് പ്രിയം ഏറിവന്നു. കോടിയേരി, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍ എന്നിവരൊക്കെ പി ജെ പ്രഭാവത്തില്‍ പാര്‍ട്ടി വേദികളില്‍ നിറം മങ്ങി. പി ജയരാജനെ പ്രകീര്‍ത്തിച്ച് നൃത്ത ശില്‍പവും സംഗീത ആല്‍ബവും ഇറങ്ങി. എന്നാല്‍ അതോടെ പാര്‍ട്ടി നേതൃത്വം ജയരാജനെ വരിഞ്ഞുമുറുക്കി. 2018ലെ തൃശൂര്‍ സംസ്ഥാന സമ്മേളനത്തില്‍ വ്യക്തി പൂജയില്‍ പരസ്യ ശാസനയും കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ടിങും ഉണ്ടായി.
2019 ല്‍ ജയസാധ്യത കുറഞ്ഞ വടകര ലോക്‌സഭാ സീറ്റില്‍ മല്‍സരിപ്പിച്ച് ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും വെട്ടി. സൈബറിടത്ത് ജയരാജന്റെ നാവായ പിജെ ആര്‍മിയെ പാര്‍ട്ടി റെഡ് ആര്‍മിയാക്കി വരുതിയിലാക്കി. തുടര്‍ഭരണം ഏതാണ്ടുറപ്പായിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗാലറിയിലിരുത്തി. പിണറായി ചരിത്രം കുറിച്ച് രണ്ടാമതും അധികാരത്തിലെത്തി. ജയരാജന് കിട്ടിയത് ചെറിയാന്‍ ഫിലിപ്പ് പോലും വലിച്ചെറിഞ്ഞ ഖാദി ബോര്‍ഡിലെ വൈസ് ചെയര്‍മാന്‍ കസേര. അപ്പോഴൊക്കെയും പാര്‍ട്ടിക്കെതിരെ ഒരുവാക്ക് ഉരിയാടാതെ അച്ചടക്കമുള്ള കേഡറായി പി ജയരാജന്‍. പാര്‍ട്ടിയിലെ സീനിയോറിറ്റിയും പ്രവര്‍ത്തന രംഗത്തെ മികവും കൊണ്ട് ഇത്തവണ സെക്രട്ടറിയേറ്റില്‍ പി ജെ ഉണ്ടാകുമെന്ന് വലിയൊരു വിഭാഗം പാര്‍ട്ടിക്കാരും പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാന സമിതിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ചര്‍ച്ചകള്‍ നടന്നതായി പറയപ്പെടുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കേരള രാഷ്ട്രീയത്തിലും സിപിഎമ്മിലും പ്രത്യേകിച്ച് കണ്ണൂര്‍ രാഷ്ട്രീയത്തിലും പ്രകമ്പനമുണ്ടാക്കുമെന്ന വിലയിരുത്തലിലാവും സംസ്ഥാന സമിതിയില്‍ തുടരാന്‍ അനുവദിച്ചത്.
വ്യക്തിപൂജയില്‍ പി ജയരാജനെതിരേ വടിയെടുത്ത പാര്‍ട്ടി പിണറായിയെ പ്രകീര്‍ത്തിച്ചുള്ള പ്രസംഗങ്ങളോടും തിരുവാതിരയോടും കാണിക്കുന്ന മൃദു സമീപനവും മാറ്റത്തിന്റെ അടയാളമാണ്. വിവിധ വിഷയങ്ങളില്‍ ആര്‍എസ്എസ് പ്രതിസ്ഥാനത്ത് വരുമ്പോഴൊക്കെ സിപിഎമ്മും ഇടതുപക്ഷ സര്‍ക്കാരും എടുക്കുന്ന മൃദുസമീപനത്തെ അണികള്‍ വിമര്‍ശിക്കാറുണ്ട്. പലപ്പോഴും പി ജയരാജന്റെയും അനുകൂലികളുടെയും ഭാഗത്തു നിന്നാണ് ആര്‍എസ്എസിനെതിരേ കടുത്ത നിലപാട് ഉണ്ടാവാറുള്ളത് എന്നതിനാല്‍ തന്നെ, പി ജെ യെ വീണ്ടും ഒതുക്കിയതിനു പിന്നില്‍ ആര്‍എസ്എസ് ഡീല്‍ ആണെന്ന സംശയം പാര്‍ട്ടി അണികള്‍ക്കിടയില്‍ ഇനിയും ചര്‍ച്ചയാവുമെന്നുറപ്പാണ്.
ഒരുകാലത്ത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാവുകയും യുവജന നേതാവിന്റെ ഭാര്യയോടുള്ള ലൈംഗിക പീഢനത്തിന്റെ പേരില്‍ പുറത്താക്കപ്പെടുകയും ചെയ്ത പി ശശി വീണ്ടും സംസ്ഥാന സമിതിയില്‍ എത്തിയതും പി ജയരാജനു തിരിച്ചടിയാണ്. കണ്ണൂര്‍ ജില്ലയിലും പാര്‍ട്ടി പിണറായിയുടെ ഔദ്യോഗിക പക്ഷം പിടിമുറുക്കുമ്പോള്‍ വരുംദിവസങ്ങളില്‍ പി ജയരാജന്റെ പ്രതിരോധവും എതിര്‍ശബ്ദവും കുറഞ്ഞുവരുമെന്നുറപ്പാണ്.