വടിവാളുകളുമായി പിടിയിലായ ആര്‍എസ്എസ് സംഘം എത്തിയത് എസ്ഡിപിഐ നേതാവിനെ വധിക്കാനെന്ന് എഫ്‌ഐആര്‍; കൊലപാതക ശ്രമത്തിന് കേസെടുത്തു
എസ്ഡിപിഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റും മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പറുമായ നവാസ് നൈനയെ വധിക്കുന്നതിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെത്തിയതെന്നാണ് പോലിസ് പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ നവാസിനെ വാള്‍ ഉപയോഗിച്ച് വെട്ടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ആലപ്പുഴ: ഇന്നലെ രാത്രി വടിവാളുകളുമായി പിടിയിലായ ആര്‍എസ്എസ് സംഘം എത്തിയത് എസ്ഡിപിഐ നേതാവിനെ വധിക്കാനെന്ന് എഫ്‌ഐആര്‍. ഇവര്‍ക്കെതിരെ പോലിസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. ആയുധ നിയമവും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
എസ്ഡിപിഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റും മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പറുമായ നവാസ് നൈനയെ വധിക്കുന്നതിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെത്തിയതെന്നാണ് പോലിസ് പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതികളെ ചോദ്യംചെയ്തതില്‍ കൊലപാതകശ്രമം ബോധ്യപ്പെട്ട പോലിസ് വധശ്രമത്തിന് കേസെടുത്തു. ഇന്നലെ ആര്‍എസ്എസ് ക്രിമിനലുകളെ പിടികൂടിയ നാട്ടുകാര്‍ക്കൊപ്പം നവാസ് നൈനയും ഉണ്ടായിരുന്നു.
നിരവധി കേസുകളില്‍ പ്രതിയും വിദ്വേഷ പ്രചാരണങ്ങളിലൂടെ കുപ്രസിദ്ധനായ പ്രതീഷ് വിശ്വനാഥിന്റെ സന്തത സഹജാരിയുമായ സുമേഷ് എന്ന ബിറ്റു, ശ്രീനാഥ് എന്നിവരെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു.
മണ്ണഞ്ചേരി അമ്പലക്കടവില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് മാരകായുധവുമായി സംഘം പിടിയിലായത്.സംശയാസ്പദമായ രീതിയില്‍ കണ്ട സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ജനങ്ങള്‍ സംഘടിച്ച് പിടികൂടി നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങള്‍ കണ്ടെത്തിയത്.
സംസ്ഥാനത്തെ വീണ്ടും കലുഷിതമാക്കാനുള്ള ആര്‍എസ്എസ്സ് ഗൂഢാലോചനയുടെ ഭാഗമാണ് വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി സംഘം എത്തിയതെന്നും സംഭവത്തില്‍ പോലിസ് കൃത്യമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നും എസ്ഡിപിഐ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജയരാജ് ആവശ്യപ്പെട്ടു.