ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉക്രെയ്‌നെ റഷ്യ ആക്രമിക്കും; സേനാ പിന്‍മാറ്റം വിശ്വാസത്തിലെടുക്കാതെ ബൈഡന്‍

Update: 2022-02-17 18:03 GMT

വാഷിങ്ടണ്‍: ഉക്രെയ്ന്‍ അതിര്‍ത്തിയില്‍നിന്നുള്ള റഷ്യന്‍ സേനാ പിന്‍മാറ്റം വിശ്വാസത്തിലെടുക്കാതെ അമേരിക്ക. ഉക്രെയ്‌നുമേല്‍ റഷ്യന്‍ ആക്രമണം ഏതാനും ദിവസത്തിനുള്ളിലുണ്ടാവാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന മോസ്‌കോയുടെ അവകാശവാദത്തെ വിശ്വസിക്കാന്‍ കാരണങ്ങളില്ല. ഉക്രെയ്‌ന് മേല്‍ റഷ്യയുടെ അധിനിവേശ ഭീഷണി നിലനില്‍ക്കുകയാണ്. ഈ ഭീതി ഇപ്പോഴും ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്.

കാരണം അവരുടെ സൈനികരെയൊന്നും ഇതുവരെ പിന്‍വലിച്ചിട്ടില്ല. അവര്‍ കൂടുതല്‍ സൈന്യത്തെ അവിടേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഉക്രെയ്‌നില്‍ കടന്നുകയറാനും ആക്രമിക്കാനും അവര്‍ തയ്യാറെടുക്കുകയാണെന്നാണ് ലഭിക്കുന്ന എല്ലാ സൂചനകളും കാണിക്കുന്നത്. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്നാണ് തന്റെ ധാരണ. സംഘര്‍ഷം ഇല്ലാതാക്കാനുള്ള അമേരിക്കയുടെ നിര്‍ദേശങ്ങളോട് പ്രതികരിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അയച്ച പുതിയ കത്ത് താന്‍ ഇതുവരെ വായിച്ചില്ല. ഇപ്പോഴും പ്രശ്‌നപരിഹാരത്തിന് നയതന്ത്ര സാധ്യതകളുണ്ട്.

ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ആ പാത എന്താണെന്ന് വ്യക്തമാക്കും. എന്നാല്‍, പുട്ടിനെ വിളിക്കാന്‍ തനിക്ക് പദ്ധതിയില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. നാറ്റോയില്‍ ചേരുക എന്ന ദീര്‍ഘകാല ലക്ഷ്യം ഉള്‍പ്പെടെ, രാജ്യത്തിന്റെ പാശ്ചാത്യാധിഷ്ഠിത നയങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റഷ്യയുടെ സൈന്യം ഉക്രെയ്‌നിന്റെ ഭൂരിഭാഗം അതിര്‍ത്തികളും വളഞ്ഞിരിക്കുകയാണ്.

Tags:    

Similar News