ബ്രിട്ടനും ജര്‍മനിയും ഉള്‍പ്പെടെ 36 രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി റഷ്യ

Update: 2022-02-28 15:58 GMT

മോസ്‌കോ: ബ്രിട്ടനും ജര്‍മനിയും ഉള്‍പ്പെടെ യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂനിയനും വിവിധ രാജ്യങ്ങളും റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിച്ച് റഷ്യയും. 36 രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് റഷ്യയും വിലക്കേര്‍പ്പെടുത്തി. റഷ്യയുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നതില്‍ നിന്ന് ബ്രിട്ടന്‍, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി, കാനഡ എന്നിവയുള്‍പ്പെടെ 36 രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികള്‍ക്കാണ് ഇന്ന് മുതല്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

യുകെയുടെ ആശ്രിത പ്രദേശമായ ജേഴ്‌സിയും ബ്രിട്ടീഷ് വിദേശ പ്രദേശമായ ജിബ്രാള്‍ട്ടറും പട്ടികയില്‍ ഉള്‍പ്പെടുന്നു. റഷ്യന്‍ എയര്‍ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതോ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്തതോ ആയ സിവില്‍ ഏവിയേഷന്‍ വഴിയുള്ള വിമാനങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിരോധിച്ചതിന്റെ പ്രതികാര നടപടിയായാണ്' നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് റഷ്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

പ്രത്യേക അനുമതിയോടെ മാത്രമേ വിമാനക്കമ്പനികള്‍ക്ക് റഷ്യന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ കഴിയൂ. രാജ്യത്തെ മുന്‍നിര വിമാനക്കമ്പനിയായ എയ്‌റോഫ്‌ളോട്ടിനെയും സ്വകാര്യ ജെറ്റിനെയും ബ്രിട്ടന്‍ തടഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച റഷ്യ യുകെ എയര്‍ലൈനുകളെ നിരോധിച്ചിരുന്നു. സ്വകാര്യ ജെറ്റുകള്‍ ഉള്‍പ്പെടെയുള്ള റഷ്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടയ്ക്കുന്നതായി യൂറോപ്യന്‍ യൂനിയന്‍ ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതോടെ ചില റൂട്ടുകളില്‍ വിമാനക്കമ്പനികള്‍ ദീര്‍ഘദൂരം വഴിതിരിച്ചുവിടേണ്ടിവരും. ഇത് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Tags:    

Similar News