യുക്രെയ്‌നില്‍ ആക്രമണം ശക്തമാക്കി റഷ്യ; 41 പേര്‍ കൊല്ലപ്പെട്ടു

Update: 2024-07-09 05:13 GMT

കീവ്: യുക്രെയിനില്‍ വ്യോമാക്രമണം ശക്തമാക്കി റഷ്യ. കീവില്‍ കുട്ടികളുടെ ആശുപത്രിയില്‍ അടക്കം നടത്തിയ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ മരണപ്പെട്ടതായും 170ലധികം പേര്‍ക്ക് പരിക്കേറ്റതായും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. നാറ്റോ ഉച്ചകോടിക്കായി വാഷിങ്ടണിലേക്ക് പുറപ്പെടുന്നതിന് മുമ്പ് പോളണ്ടിലെത്തിയപ്പോഴായിരുന്നു പ്രതികരണം. കുട്ടികളുടെ ആശുപത്രിയും കീവിലെ ഒരു പ്രസവ കേന്ദ്രവും കുട്ടികളുടെ നഴ്‌സറികളും ബിസിനസ് സെന്ററും വീടുകളും ഉള്‍പ്പെടെ നൂറിലധികം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും സെലെന്‍സ്‌കി പറഞ്ഞു. മധ്യ നഗരങ്ങളായ ക്രിവി റിഹ്, ഡിനിപ്രോ എന്നിവിടങ്ങളിലും രണ്ട് കിഴക്കന്‍ നഗരങ്ങളിലും നാശനഷ്ടമുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, 38 മിസൈലുകളില്‍ 30 എണ്ണം പ്രതിരോധസേന വെടിവെച്ചിട്ടതായി വ്യോമസേന അറിയിച്ചു.

    കുട്ടികളുടെ ആശുപത്രിയിലേക്ക് മിസൈല്‍ പതിക്കുന്നതും തുടര്‍ന്ന് വലിയ സ്‌ഫോടനം നടക്കുന്നതിന്റെയും വീഡിയോ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ഏഴ് നഗര ജില്ലകളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ ആക്രമണം യുദ്ധത്തിലെ ഏറ്റവും വലിയ ആക്രമണമാണെന്ന് കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു. കുട്ടികളുടെ ആശുപത്രിയിലെ അഞ്ച് യൂനിറ്റുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. കുട്ടികളെ മറ്റിടങ്ങളിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രി പറഞ്ഞു.

    ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ സഖ്യകക്ഷികള്‍ തയ്യാറാവണമെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടു. നാറ്റോ രാജ്യങ്ങളിലെ നേതാക്കള്‍ ത്രിദിന ഉച്ചകോടി തുടങ്ങുന്നതിന്റെ തലേന്നാണ് ആക്രമണം. കീവിലെ കുട്ടികളുടെ ആശുപത്രിക്ക് ഉള്‍പ്പെടെ മിസൈല്‍ ആക്രമണം നടത്തിയ റഷ്യയുടെ ക്രൂരതയുടെ ഭയാനകമായ ഓര്‍മപ്പെടുത്തലാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കയും നാറ്റോ സഖ്യകക്ഷികളും യുക്രെയ്‌നിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്താന്‍ പുതിയ നടപടികള്‍ പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, ഇക്വഡോര്‍, സ്ലോവേനിയ, അമേരിക്ക എന്നീ രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ച് ചൊവ്വാഴ്ച യുഎന്‍ രക്ഷാസമിതി യോഗം ചേരുമെന്ന് നയതന്ത്രജ്ഞര്‍ അറിയിച്ചു. യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് ആക്രമണത്തെ അപലപിച്ചു.

Tags:    

Similar News