യുക്രെയ്‌നിന്റെ എല്ലാ പ്രതിരോധ വ്യവസായങ്ങളേയും റഷ്യ തകര്‍ത്തു: വ്‌ലാദിമിര്‍ സെലെന്‍സ്‌കി
തലസ്ഥാനമായ കീവിന് സമീപം തിരിച്ചടി നേരിട്ട റഷ്യ രാജ്യത്തിന്റെ കിഴക്ക് പുതിയ സൈനിക വിന്യാസം നടത്തുന്നതിനാല്‍ യുക്രെയ്ന്‍ ഒരു ആക്രമണത്തിന് തയ്യാറെടുക്കുകയാണ്
കീവ്: യുക്രെയ്‌നിന്റെ എല്ലാ പ്രതിരോധ വ്യവസായങ്ങളേയും റഷ്യ പ്രായോഗികമായി തകര്‍ത്തെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കിയുടെ ഉപദേഷ്ടാവ് അറിയിച്ചു. കീവിലെ പിന്‍വലിഞ്ഞതിന് ശേഷം റഷ്യ കിഴക്കന്‍ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്നാണ് സൂചന. അതിനാല്‍ തന്നെ പ്രതിരോധ നടപടികളിലേക്ക് കടന്നതായി സെലെന്‍സ്‌കി അറിയിച്ചു.
യുക്രെയ്‌നിലെ തന്റെ സൈനികരുടെ മോശം പ്രകടനത്തെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ അദ്ദേഹത്തിന്റെ ഉപദേശകര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന പ്രതികരണവുമായി യുഎസ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നു.
'റഷ്യന്‍ സൈന്യം എത്ര മോശം പ്രകടനമാണ് നടത്തുന്നതെന്നും ഉപരോധം റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിച്ചെന്നും പുടിന്റെ ഉപദേശകര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, കാരണം മുതിര്‍ന്ന ഉപദേഷ്ടാക്കള്‍ അദ്ദേഹത്തോട് സത്യം പറയാന്‍ വളരെ ഭയപ്പെടുന്നു,' വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കേറ്റ് ബെഡിംഗ്ഫീല്‍ഡ് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, തലസ്ഥാനമായ കീവിന് സമീപം തിരിച്ചടി നേരിട്ട റഷ്യ രാജ്യത്തിന്റെ കിഴക്ക് പുതിയ സൈനിക വിന്യാസം നടത്തുന്നതിനാല്‍ യുക്രെയ്ന്‍ ഒരു ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലെന്‍സ്‌കി വ്യാഴാഴ്ച പറഞ്ഞു.
യുക്രെയ്‌നിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തങ്ങളുടെ ആവശ്യങ്ങള്‍ യുക്രെയ്ന്‍ രേഖാമൂലം ഉന്നയിച്ചിട്ടുണ്ടെന്ന വസ്തുതയെ ക്രെമിലിന്‍ സ്വാഗതം ചെയ്തു, എന്നാല്‍ ഇതുവരെ കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.
റഷ്യയുടെ അധിനിവേശത്തിന്റെ ആദ്യ ആഴ്ചകളില്‍ യുക്രെയ്‌നില്‍ സാധാരണക്കാരുടെ 1,500 കെട്ടിടങ്ങളും വാഹനങ്ങളും നശിക്കപ്പെട്ടതായാണ് വിവരം. 1,189 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇതില്‍ കുറഞ്ഞത് 108 കുട്ടികള്‍ ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷണറുടെ കണക്കുകള്‍ പ്രകാരമാണ് ഈ വിവരങ്ങള്‍.
ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 20 വരെയുള്ള കാലയളവില്‍ നശിപ്പിക്കപ്പെട്ടവയില്‍ 23 ആശുപത്രികള്‍, 330 സ്‌കൂളുകള്‍, 27 സാംസ്‌കാരിക കെട്ടിടങ്ങള്‍, 98 വാണിജ്യ കെട്ടിടങ്ങള്‍, കൂടാതെ 900 വീടുകളും അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളും ഉള്‍പ്പെടുന്നു.