യുക്രെയ്നില്‍ ഹൈപര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച് റഷ്യ

യുക്രെയ്നിലെ പ്രതിസന്ധി തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒന്നല്ലെന്ന് ഷി ജിന്‍പിങ് പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Update: 2022-03-19 13:40 GMT

മോസ്‌കോ: യുക്രെയ്നില്‍ ഹൈപര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം. കിന്‍സാല്‍ മിസൈലുകള്‍ ഉപയോഗിച്ചതായാണു പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഐഎഫ്എക്‌സ് റിപോർട്ട് ചെയ്തിരിക്കുന്നത്. യുക്രെയ്നിലെ ഒഡേസയ്ക്കു സമീപമുള്ള സൈനിക റേഡിയോ നിരീക്ഷണ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.

അതിനിടെ, മൂന്നാഴ്ചയായി യുക്രെയ്നില്‍ പോരാടുന്ന തന്റെ സൈനികരെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പ്രശംസിച്ചു. മോസ്‌കോ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന വന്‍ റാലിയില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അതിനിടെ, റഷ്യയുമായി സമഗ്രമായ സമാധാന ചര്‍ച്ചകള്‍ക്കു യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കി ആഹ്വാനം ചെയ്തു. അല്ലാത്ത പക്ഷം യുദ്ധത്തിലുണ്ടായ നഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ റഷ്യയ്ക്ക് തലമുറകളോളം ആവശ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

യുക്രെയ്നിലെ പ്രധാന നഗരങ്ങളിലൊന്നായ മരിയോപോള്‍ റഷ്യൻ സൈന്യം വളഞ്ഞു. പ്രദേശത്തെ സാധാരണക്കാരുടെ മരണം ആശങ്ക വര്‍ധിപ്പിക്കുകയാണ്. വലിയ തോതിലുള്ള ബോംബാക്രമണമാണ് ഇന്നലെ നഗരത്തിലുണ്ടായത്. പ്രദേശത്തെ 80 ശതമാനത്തോളം വീടുകളും തകര്‍ന്നതായും ആയിരത്തോളം സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ അറിയിച്ചു.

അയ്യായിരത്തോളം പേരെ മരിയുപോളില്‍ നിന്ന് രക്ഷപ്പെടുത്തിയതായാണ് വിവരം. വഴിയരികില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന കാഴ്ചകളായിരുന്നെന്ന് രക്ഷപ്പെട്ടവര്‍ അധികൃതരോട് പറഞ്ഞതായി റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് സാധാരണക്കാര്‍ അഭയം തേടിയെത്തിയ ലിവിവില്‍ കഴിഞ്ഞ ദിവസം മിസൈലാക്രമണമുണ്ടായിരുന്നു.

അതേസമയം, ചൈനയ്ക്ക് വീണ്ടും അമേരിക്ക മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌പിങ്ങുമായി രണ്ട് മണിക്കൂറോളം വീഡിയോ കോളില്‍ സംസാരിച്ചു. റഷ്യയ്ക്ക് പിന്തുണ നൽകിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളും ബൈഡന്‍ ചൂണ്ടിക്കാണിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

യുക്രെയ്നിലെ പ്രതിസന്ധി തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒന്നല്ലെന്ന് ഷി ജിന്‍പിങ് പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലിന് പിന്നിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നാറ്റോ റഷ്യയുമായി ചർച്ച നടത്തണമെന്നും ഷി ജിന്‍പിങ് ആവശ്യപ്പെട്ടു. അധിനിവേശത്തില്‍ റഷ്യയെ കുറ്റപ്പെടുത്താതെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

Similar News