വിഷപ്രയോഗം; റഷ്യന്‍ പ്രതിപക്ഷ നേതാവ് കോമയില്‍, തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

റഷ്യന്‍ പ്രസിഡന്റ് വഌദ്മീര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ 44 കാരനായ നവാല്‍നി, ടോംസ്‌കിലേക്കുള്ള യാത്രയ്ക്കു ശേഷം സൈബീരിയയില്‍ നിന്ന് മോസ്‌കോയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

Update: 2020-08-20 13:16 GMT

മോസ്‌കോ: വിമാനയാത്രക്കിടെയുണ്ടായ വിഷ പ്രയോഗത്തെതുടര്‍ന്ന് കോമയിലായ റഷ്യന്‍ പ്രതിപക്ഷ രാഷ്ട്രീയ നേതാവ് അലക്‌സി നവാല്‍നിയെ സൈബീരിയന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ വക്താവ് കിര യര്‍മിഷ്. റഷ്യന്‍ പ്രസിഡന്റ് വഌദ്മീര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ 44 കാരനായ നവാല്‍നി, ടോംസ്‌കിലേക്കുള്ള യാത്രയ്ക്കു ശേഷം സൈബീരിയയില്‍ നിന്ന് മോസ്‌കോയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

അസുഖ ബാധയെതുടര്‍ന്ന് വിമാനം സൈബീരിയന്‍ നഗരമായ ഓംസ്‌കില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയും അദ്ദേഹത്തെ ഓംസ്‌കിലെ എമര്‍ജന്‍സി ഹോസ്പിറ്റല്‍ നമ്പര്‍ 1 ലെ ടോക്‌സിക്കോളജി രോഗികള്‍ക്കായുള്ള തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അദ്ദേഹം വെന്റിലേറ്ററിലാണെന്ന് കിര യര്‍മിഷ് പറഞ്ഞു.

അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടര്‍മാര്‍ പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നല്‍കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍ ജീവന് ഇപ്പോഴും ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമം നടത്തിവരികയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ചായയില്‍ വിഷം കലക്കി നല്‍കിയതാണെന്നു കരുതുന്നതായും രാവിലെ മാത്രമാണ് അദ്ദേഹം ചായ കുടിച്ചതെന്നും യര്‍മിഷ് പറഞ്ഞു.വിമാനത്തില്‍ കയറുന്നതിന് മുമ്പ് ടോംസ്‌ക് എയര്‍പോര്‍ട്ട് കഫേയില്‍നിന്ന് നവാല്‍നി ഒരു കപ്പ് ചായ കുടിച്ചിരുന്നുവെന്നും യര്‍മിഷ് പറഞ്ഞു. ചൂടുള്ള ദ്രാവകത്തില്‍നിന്ന് വിഷം ശരീരം പെട്ടെന്ന് ആഗിരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയാണെന്ന് കഫേ ഉടമകളെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. വിമാനത്തില്‍വച്ച് യവാല്‍നി വിയര്‍ക്കുകയും ടോയ്‌ലറ്റില്‍ പോയ അദ്ദേഹം അവിടെവച്ച് കുഴഞ്ഞുവീഴുകയുമായിരുന്നു.അലക്‌സി ഇപ്പോഴും അബോധാവസ്ഥയിലാണ്. അദ്ദേഹത്തെ വെന്റിലേറ്ററിലാക്കിയെന്നും യര്‍മിഷ് പറഞ്ഞു

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി വിരുദ്ധ പോരാട്ടത്തിനും പ്രസിഡന്റ് വഌദ്മീര്‍ പുടിനെതിരായ പരസ്യവിമര്‍ശനങ്ങള്‍ക്കും പേരുകേട്ട നവാല്‍നിക്ക് നേരത്തേയും ശാരീരിക ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

Tags:    

Similar News