കൊവിഡ് 19: വിമാനവാഹിനി കപ്പലിലെ നാവികന്‍ മരിച്ചു; യുഎസ് നാവികസേനയിലും ആശങ്ക

Update: 2020-04-15 01:32 GMT

വാഷിങ്ടണ്‍: ലോകത്ത് തന്നെ കൊവിഡ് 19 കാരണം ഏറ്റവും കൂടുതല്‍ പേര്‍ മരണത്തിനു കീഴടങ്ങിയ അമേരിക്കയില്‍ മറ്റൊരു ഭീതികൂടി. യുഎസിന്റെ വിമാനവാഹിനി കപ്പലിലെ സേനാംഗം കൊവിഡ് ബാധിച്ച് മരിച്ചു. യുഎസ്എസ് തിയോഡര്‍ റൂസ്‌വെല്‍റ്റ് എന്ന വിമാനവാഹിനിക്കപ്പലിലെ നാവികനാണ് മരണപ്പെട്ടതെന്നു യുഎസ് നാവിക സേന തിങ്കളാഴ്ച അറിയിച്ചതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനു രോഗം സ്ഥിരീകരിച്ച നാവികന്‍ 13നാണ് മരണപ്പെട്ടത്. ഇതോടെ യുഎസ് നാവികസേനയിലും ആശങ്ക വര്‍ധിച്ചു. കപ്പലിലെ 600ഓളം നാവികര്‍ക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

    പസഫിക്ക് സമുദ്രത്തിലെ ഗുവാം തീരത്ത് അടുപ്പിച്ചിരിക്കുന്ന യുഎസ്എസ് തിയോഡര്‍ റൂസ്‌വെല്‍റ്റ് കപ്പലിലെ നാവികര്‍ തീരത്ത് ക്വാറന്റൈനില്‍ കഴിയുകയാണ്. ഡ്യൂട്ടിയിലിരിക്കെ മരണപ്പെടുന്ന ആദ്യ നാവികസേനാംഗമാണിയാള്‍. കപ്പലിലെ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നേവി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും ആരും തീവ്രപരിചരണ വിഭാഗത്തിലില്ലെന്നും അധികൃതര്‍ അവകാശപ്പെട്ടു. തിയോഡര്‍ റൂസ്‌വെല്‍റ്റ് കൂടാതെ മൂന്നു വിമാനവാഹിനി കപ്പലുകളിലെ സേനാംഗങ്ങള്‍ക്കും നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് റോണള്‍ഡ് റീഗന്‍, യുഎസ്എസ് കാള്‍ വിന്‍സന്‍ എന്നീ കപ്പലുകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.


Tags:    

Similar News